പ്രതിയെ പിടികൂടാൻ കഴിയാതെ തലവേദനയായതോടെ പാറ്റൂരിൽ യുവതിയെ ആക്രമിച്ച കേസിൽ അന്വേഷണം പല വഴിക്കാക്കി പൊലീസ്. നാലു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രത്യേക സംഘത്തിന് പുറമെ പേട്ട പൊലീസും, ഷാഡോ ടീമും പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
ആക്രമണം നടന്നു പത്തു ദിവസമായിട്ടും അക്രമിയെ തിരിച്ചറിയാൻ കഴിയാത്തത് പൊലീസിന് നാണക്കേടായിരിക്കുകയാണ്. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും പ്രതിയെ കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. രേഖാ ചിത്രം തയ്യാറാക്കാൻ യുവതി അക്രമിയെ വ്യക്തമായി കണ്ടിട്ടുമില്ല. ഇതോടെയാണ്
പൊലീസ് അന്വേഷണം മറ്റു വഴിക്കാക്കിയത്.
മൂലവിളാകം മേഖലയിലുള്ള ആരെങ്കിലുമാകും അക്രമി എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംഭവം നടന്ന മൂലവിളാകത്തും പരിസരത്തും രണ്ടു ദിവസം പരിശോധന നടത്തി. മുൻപ് സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ കേന്ദ്രീകരിച്ചും അന്വേഷിച്ചു.പക്ഷെ ഒരു ഫലവുമുണ്ടായില്ല.അക്രമത്തിനിരയായ വീട്ടമ്മയുടെ വീട് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സന്ദർശിച്ചു.പ്രതിയെ പിടികൂടാൻ കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്നാണ് കുറ്റപ്പെടുത്തൽ. മന്ത്രി വി.ശിവൻകുട്ടിയും യുവതിയെ വീട്ടിലെത്തി കണ്ടു. സംഭവത്തിലെ പൊലീസ് അലംഭാവം ഗൗരവത്തോടെ കാണുന്നുവെന്നു മന്ത്രി വീണ ജോർജ്ജും പ്രതികരിച്ചു.
അതേസമയം അക്രമി സഞ്ചരിച്ച ഇരുചക്ര വാഹനം സംബന്ധിച്ചു പോലീസിന് ചില വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്.