Kerala

‘എന്നാൽ നിങ്ങളുടെ പേര് പറയാം’; വനിതാ മാധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച് പി.സി ജോർജ്

അറസ്റ്റിലായ പിസി ജോർജിനോട് പ്രതികരണം തേടിയ വനിതാ മാധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച് പി.സി ജോർജ്. പരാതി ശരിയായോ തെറ്റാണോ എന്നതിനപ്പുറത്തേക്ക് പരാതിക്കാരിയുടെ പേര് പറഞ്ഞത് തെറ്റാണോ എന്ന ചോദ്യത്തോട് ‘എന്നാൽ നിങ്ങളുടെ പേര് പറയാം’ എന്നാണ് പി.സി ജോർജ് മറുപടി നൽകിയത്.

സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് ജനപക്ഷം നേതാവ് പി.സി ജോർജിനെ അറസ്റ്റ് ചെയ്തത്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ പ്രതി രഹസ്യമൊഴി നൽകിയിരുന്നു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സത്യം കോടതിയിൽ തെളിയിക്കുമെന്നും പിസി ജോർജ് പറഞ്ഞു.

അതേസമയം പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി. പരാതിക്ക് പിന്നിൽ ഒരു ഗൂഢാലോചനയുമില്ല. രക്ഷകനായി എത്തിയ ആളിൽ നിന്നും മോശം അനുഭവമുണ്ടായി. ഒരു പ്രത്യേക സാഹചര്യത്തിൽ പൊലീസിനോട് വെളിപ്പെടുത്തേണ്ടി വന്നു. ഫെബ്രുവരിയിൽ നടന്ന സംഭവത്തിലാണ് പരാതി നൽകിയിരിക്കുന്നത്. താൻ കഷ്ടപ്പെട്ട് ജീവിക്കുന്ന സ്ത്രീയാണെന്നും, തനിക്ക് രാഷ്ട്രീയ പിൻബലമില്ലെന്നും പരാതിക്കാരി.