പൗരത്വനിയമത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്ന് രാജിവച്ച് ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം. സയ്യിദ് താഹ ബാഫഖി തങ്ങളാണ് ബിജെപിയിയില്‍ നിന്നും രാജിവച്ചത്. മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്ദു റഹിമാന്‍ ബാഫഖി തങ്ങളുടെ മകന്റെ മകനാണ് താഹ ബാഫഖി തങ്ങള്‍. ബാഫഖി തങ്ങള്‍ ട്രസ്റ്റിന്റെ ചെയര്മാന് കൂടിയാണ്. മുസ്ലിം ലീഗ് അംഗത്വം രാജിവച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്.
ന്യൂനപക്ഷങ്ങളെ കൂടുതല്‍ പാര്‍ട്ടിയിലേക്കെത്തിക്കും എന്ന പ്രഖ്യാപനവുമായി കോഴിക്കോട് സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ എം അബ്ദുള്‍ സലാം അടക്കമുള്ളവര്‍ അന്ന് ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. വൈകാതെ തന്നെ അബ്ദുള്‍സലാമും ബിജെപി വിട്ടു. ഇവരെ കൂടാതെ സേവാദള്‍ നേതാവ് മുഹമ്മദ് ഷിയാസ്, ആം ആദ്മി പാര്‍ട്ടി നേതാവ് ഷെയ്ഖ് ഷാഹിദ് തുടങ്ങി വിവിധ സംഘടനകളിലും പാര്‍ട്ടികളിലും പ്രവര്‍ത്തിച്ചിരുന്നവരും അന്ന് ബിജെപിയില്‍ അംഗങ്ങളായി. ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിയിലേക്ക് വരുന്നതിന്റെ സൂചനയാണെന്നായിരുന്നു അന്നത്തെ പ്രസിഡന്റ് പിഎസ് ശ്രീധരന് പിള്ള പറഞ്ഞത്
പൗരത്വ നിയമഭേദഗതി വരികയും, ഇതിനെതിരെ രാജ്യത്ത് ജനരോഷം ഇരമ്ബുകയും ചെയ്തതോടെയാണ് സംസ്ഥാന ബിജെപിയിലും നിയമഭേദഗതിയെച്ചൊല്ലിയുള്ള ഭിന്നത മറ നീക്കി പുറത്തുവരുന്നത്.
”ഞാനൊരു പൂര്‍ണ ഇസ്ലാം മത വിശ്വാസിയാണ്. എന്ന് കരുതി മറ്റ് മതക്കാരുമായി എനിക്ക് അഭിപ്രായ വ്യത്യാസങ്ങളുമില്ല. എനിക്ക് മറ്റ് മതക്കാരുമായി നല്ല ബന്ധം തന്നെയാണുള്ളത്. മുസ്ലിം സമുദായം പക്ഷേ ഇന്ന് പരിഭ്രാന്തിയിലാണ്. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ ഒരു സര്‍വകക്ഷിയോഗം പോലും വിളിക്കുന്നില്ല. ഈ പരിഭ്രാന്തിക്ക് മറുപടി നല്‍കുന്നുമില്ല. അതുകൊണ്ട് എന്റെ സമുദായത്തെ ദുഃഖത്തിലാക്കി ഈ പാര്‍ട്ടിയില്‍ നില്ക്കാന് എനിക്ക് താത്പര്യമില്ല. ഒന്നു രണ്ടാഴ്ച ഞാന്‍ എന്തെങ്കിലും തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുമോ, സര്‍വകക്ഷിയോഗം വിളിക്കുമോ എന്നെല്ലാം കാത്തിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. നമ്മുടെ രാജ്യത്ത് പല അക്രമങ്ങളും ഇതിന്റെ പേരില്‍ നടക്കുകയാണ്. രാജ്യസഭയിലും ലോക്സഭയിലും ബില്ല് പാസ്സായി എന്ന് കരുതി, ജനങ്ങളുടെ വികാരം കണക്കെടുക്കാതിരിക്കുന്നത് എന്ത് നീതിയാണ്? അതും ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരം തീരെ കണക്കിലെടുക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കാനാണ് എന്റെ തീരുമാനം”, എന്ന് താഹ ബാഫഖി തങ്ങള്‍ പറഞ്ഞു.