Kerala

സംസ്ഥാനത്ത് മഴ തുടരും; പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തം

കക്കി ആനത്തോട് അണക്കെട്ട് ഇന്ന് തുറക്കാനിരിക്കെ പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മഴ ശക്തി പ്രാപിക്കുന്നു. അച്ചന്‍കോവില്‍, പമ്പ നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. സീതത്തോടില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുകയാണ്. നദീതീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊക്കോത്തോട്, കല്ലേലി, വയക്കര തുടങ്ങിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ ക്യാംപുകളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഓമല്ലൂരില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. പന്തളത്തും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

സംസ്ഥാനത്ത് ഇന്നും മഴ തുടരാനാണ് സാധ്യത. എന്നാല്‍ ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. ഇന്നും നാളെയും ഒറ്റപ്പെട്ട സാധാരണ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേസമയം കേരളത്തിലെ അഞ്ച് നദികള്‍ക്ക് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിമല, കല്ലട, അച്ഛന്‍ കോവില്‍, കരമന, നെയ്യാര്‍ എന്നി നദികള്‍ക്കാണ് കേന്ദ്ര ജല വിഭവ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. നദികളിലെ ജലനിരപ്പ് താഴുന്നുവെന്നും ജല വിഭവ വകുപ്പ് അറിയിച്ചു.

കിഴക്കന്‍ കാറ്റിന്റെ സാന്നിധ്യം സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തില്‍ ബുധനാഴ്ച മുതല്‍ മൂന്ന്-നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ആറുജില്ലകളിലും വെള്ളിയാഴ്ച പത്തുജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും വേഗതയേറിയ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.