Kerala

സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണമെന്ന് പരാതി

പത്തനംതിട്ട കലഞ്ഞൂരിൽ വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തുവെന്ന് പരാതി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തതിനായിരുന്നു കയ്യേറ്റം. സിപിഐഎം കലഞ്ഞൂർ ലോക്കൽ സെക്രട്ടറി മനോജിൻറെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്തു എന്നാണ് ഐഎച്ച്ആർഡി കോളജിലെ വിദ്യാർത്ഥികളുടെ പരാതി. വിദ്യാർത്ഥികളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 

കഴിഞ്ഞ ദിവസമാണ് ഈ സംഭവം ഉണ്ടായത്. കോളജിന്റെ സമയം കഴിഞ്ഞ് ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന വിദ്യാർത്ഥികൾ സമീപത്തെ ഒരു ജ്യൂസ് കടയിൽ നിന്ന് തണ്ണിമത്തൻ ജ്യൂസ് കുടിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കാറിലെത്തിയ മനോജിന്റെയും ബ്രാഞ്ച് സെക്രട്ടറി പ്രദീപിന്റെയും നേതൃത്വത്തിൽ എത്തിയ സംഘം ഇവരെ കയ്യേറ്റം ചെയ്തത്.

ഇവരുടെ അധ്യാപകർ നോക്കിനിൽക്കെ അസഭ്യമുൾപ്പെടെ വിളിച്ചു പറഞ്ഞു വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്യുകയായിരുന്നു. നാട്ടുകാർ ഉൾപ്പെടെ നോക്കി നിൽക്കെയാണ് വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്യുകയും പെൺകുട്ടികളെ ഉൾപ്പെടെ തെറി വിളിക്കുകയും ചെയ്തത്. വിദ്യാർത്ഥികൾ ഒരുമിച്ചിരുന്നതും ഒരുമിച്ച് ജ്യൂസ് കുടിച്ചതുമൊക്കെ എന്തിനാണെന്നും ഈ പ്രദേശത്ത് ഇതൊന്നും നടക്കില്ല എന്ന് പറഞ്ഞായിരുന്നു മർദനം. ഇതിൽ ഹരീഷ് എന്ന വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി. ഇതിനുപിന്നാലെ വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകി. പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.