ശബരിമല യുവതി പ്രവേശ വിഷയത്തിലുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന ലോക്‌സഭ മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. ക്രൈസ്തവ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലം യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്. യുവതി പ്രവേശന വിഷയം കേരളത്തിലെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാകുമ്പോള്‍ പത്തനംതിട്ടയില്‍ ഇക്കുറി നടക്കുക വീറുറ്റ പോരാട്ടമായിരിക്കും.
തിരുവല്ല, ആറന്മുള, കോന്നി, റാന്നി, അടൂര്‍, പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്ന പത്തനംതിട്ടയില്‍ 4 നിയമസഭ സീറ്റുകള്‍ കൈവശമുളള ഇടതുമുന്നണിയാണ് മുന്നിലെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. 2009 ല്‍ മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും യു.ഡി.എഫിന്റെ ആന്റോ ആന്റണി വിജയിച്ചു. ഇടുക്കി, മാവേലിക്കര മണ്ഡലങ്ങളുടെ ഭാഗമായിരുന്ന കാലത്തും വലതുപക്ഷ രാഷ്ട്രീയത്തിന് തന്നെയാണ് മണ്ഡലത്തില്‍ സ്വാധീനം.
ആദിവാസ സമൂഹങ്ങളും മലയോര കാര്‍ഷിക മേഖലയും നിരവധിയായ ചെറുപട്ടണങ്ങളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിന്റെ ഭാഗമാണ്. കൃഷിയും പ്രവാസികളുമാണ് സാമ്പത്തിക അടിത്തറ. ക്രൈസ്തവ ജനസമൂഹം പ്രബല ശക്തിയായ മണ്ഡലത്തില്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നീ ഹൈന്ദവ സമുദായ സംഘടനകള്‍ക്കും സ്വാധീന മേഖലകളുണ്ട്.
രാജ്യ ശ്രദ്ധയാകര്‍ഷിച്ച ശബരിമല യുവതി പ്രവേശ വിഷയം ഇത്തവണ മണ്ഡലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമാകും. പ്രധാനമന്ത്രി കൊല്ലത്ത് എത്തിയപ്പോള്‍ നടത്തിയ പ്രസ്താവനയും പ്രധാനമന്ത്രിയെ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി വെല്ലുവിളിക്കുകയും ചെയ്തതോടെ വീറുറ്റ പോരാട്ടത്തിന് കളം ഒരുങ്ങിയിട്ടുണ്ട്.