കേരളത്തിലെ രാഷ്ട്രീയ സാമുദായിക രംഗങ്ങളില്‍ ഒഴിച്ച് കൂടാനാവാത്ത കുടുംബമാണ് മലപ്പുറം പാണക്കാട് കൊടപ്പനക്കല്‍ കുടുംബം. മലബാറിലെ മുസ്ലിം സാമുദായിക നേതൃത്വത്തിനൊപ്പം, മുസ്‌ലിം ലീഗ് രാഷ്ട്രീയ നേതൃത്വവും ഈ കുടുംബത്തിനാണ്.
250 വര്‍ഷങ്ങള്‍ക്കുമുമ്പാണ് യമനിലെ ഹളര്‍മൗത്തില്‍ നിന്ന് പാണക്കാട് സയ്യിദ് കുടുംബത്തിലെ ആദ്യതലമുറ ശിഹാബുദ്ധീന്‍ ബാ അലവി കേരളത്തിലെത്തുന്നത്. കണ്ണൂരിലെ വളപട്ടണത്തെത്തിയ അവര്‍ കോഴിക്കോട്ടേക്കും അവിടെ നിന്ന് മലപ്പുറത്തേക്കും ആശാകേന്ദ്രമായി പടരുകയായിരുന്നു. ഇന്നുവരെ മലപ്പുറത്തെയും കേരളത്തിലെയും ആത്മീയ സാമൂഹ്യരാഷ്ട്രീയ മണ്ഡലങ്ങളില്‍ കൊടപ്പനക്കല്‍ തറവാട് ഇഴചേര്‍ന്നു നിന്നു. ആറ് തലമുറകളായി പാണക്കാട് തങ്ങള്‍ കുടുംബം ഇപ്പോഴും കേരളത്തിന്റെ പൊതു പ്രവര്‍ത്തനരംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്തതിന് ഹുസൈന്‍ ആറ്റക്കോയ തങ്ങളെ വെല്ലൂരിലേക്ക് നാടുകടത്തി. പിന്നീട് കുഞ്ഞി സീതിക്കോയ തങ്ങളും പൂക്കോയ തങ്ങളും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും ജാതിമത ഭേദമന്യേ ജനങ്ങളുടെ അഭയകേന്ദ്രമായി നിലകൊണ്ടു. എല്ലാ ചൊവ്വാഴ്ചകളിലും കൊടപ്പനക്കല്‍ തറവാട്ടില്‍ നാടിന്റെ നാനാഭാഗത്തുനിന്ന് ആളുകള്‍ ഈ സയ്യിദുമാരെ തേടിയെത്തും. മുസ്ലിംലീഗ് രാഷ്ട്രീയത്തിന് എക്കാലത്തും മാതൃകാപരമായ നേതൃത്വം പാണക്കാട് തങ്ങള്‍മാരാണ്. ആ നേതൃ പാരമ്പര്യം ഇപ്പോള്‍ ഹൈദരലി ശിഹാബ് തങ്ങളില്‍ എത്തിനില്‍ക്കുന്നു.