India Kerala

പമ്പ ഡാമിന്‍റെ ഷട്ടറുകള്‍ അടച്ചു, ആശങ്ക ഒഴിയുന്നു

പമ്പ ഡാമിന്‍റെ ആറ് ഷട്ടറുകൾ തുറന്നെങ്കിലും പത്തനംതിട്ടയില്‍ കാര്യമായ വെള്ളപ്പൊക്ക പ്രതിസന്ധി ഉണ്ടായില്ല. പമ്പ നദിയിൽ ജലനിരപ്പ് 40 സെന്‍റീമീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്നാണ് ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചത്. എന്നാൽ പമ്പ ത്രിവേണിയിൽ ഒരടിയും പെരുനാട് രണ്ട് അടിയും വെള്ളം മാത്രമാണ് കയറിയത്. പമ്പയുടെ ആറ് ഷട്ടറുകളും അടച്ചു.

പമ്പാ ഡാം തുറന്നതിനാൽ 2018ലെ പ്രളയ ഭീതിയിലായിരുന്നു പത്തനംതിട്ട. എന്നാൽ പമ്പ നദിയില്‍ കാര്യമായ രീതിയിൽ ജലനിരപ്പ് ഉയര്‍ന്നില്ല. അതേസമയം ഇന്നലെ രാത്രിയിലും ശക്തമായി പെയ്ത മഴ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പമ്പ ത്രിവേണിയിൽ ഒരടിയും പെരിനാട് രണ്ട് അടിയും വെള്ളം ഉയർന്നപ്പോൾ കണമല, കുറുമ്പൻമൂഴി, വടശേരിക്കര തുടങ്ങിയ മേഖലകളിൽ കാര്യമായ പ്രശ്നങ്ങളില്ല.

എന്നാൽ ആറൻമുളയിലും തിരുവല്ലയിലും എപ്പോൾ വേണമെങ്കിലും വെള്ളം കയറാമെന്ന സാഹചര്യമുണ്ട്. പരമാവധി സംഭരണ ശേഷിയിൽ എത്തുമ്പോൾ ഡാം തുറന്ന് വിടുന്നത് അപകടമുണ്ടാക്കാന്‍ ഇടയുളളതിനാലാണ് ജലനിരപ്പ് 984.5 മീറ്റിൽ എത്തിയപ്പോൾ ഡാം തുറന്നത്. മുൻകരുതലിന്‍റെ അടിസ്ഥാനത്തിൻ എൻഡിആർഎഫ് ടീമും വളളങ്ങളുമായി മൽസ്യത്തൊഴിലാളികളും ജില്ലയുടെ വിവിധ ഇടങ്ങളിൽ ക്യാംപ് ചെയ്യുന്നുണ്ട്.

മണിമല നദിയുടെ കല്ലൂപ്പാറ ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള റിവർ ഗേജ് 8.03 മീറ്ററിലേക്ക് ഉയർന്നു. നദിയ്ക്ക് സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ ആറ് താലൂക്കുകളിലായി ഇതുവരെ 103 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. 1015 കുടുംബങ്ങളില്‍ നിന്നായി മൊത്തം 3342 പേരെയും മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.