പി.സി ജോർജിന്‍റെ കേരള ജനപക്ഷം എൻ.ഡി.എയിലേക്കെന്ന് സൂചന. ഇത് സംബന്ധിച്ച് അഞ്ച് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകുമെന്ന് പി.സി ജോർജ് പറഞ്ഞു. എന്‍.ഡി.എ നേതാക്കളുമായി പി.സി ജോർജ് ചർച്ച നടത്തിയെന്നാണ് വിവരം. പത്തനംതിട്ട അടക്കമുള്ള മൂന്ന് മണ്ഡലങ്ങളിൽ മത്സരിക്കാനുള്ള തീരുമാനം ഇതോടെ വീണ്ടും ജനപക്ഷം പിൻവലിച്ചു.
എൽ.ഡി.എഫിലേക്കും യു.ഡി.എഫിലേക്കും ചേക്കേറാൻ സാധിക്കാതെ വന്നതോടെയാണ് എൻ.ഡി.എയിലേക്ക് പോകാനുള്ള നീക്കം ജനപക്ഷം വീണ്ടും നടത്തുന്നത്. തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ജനപക്ഷം തീരുമാനിച്ചതോടെ യു.ഡി.എഫ് ആദ്യം ചില പ്രതീക്ഷകൾ നൽകി. ഇതോടെയാണ് 20 മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ പിൻവലിക്കാൻ പി.സി ജോർജും ജനപക്ഷവും തീരുമാനിച്ചത്. യു.ഡി.എഫ് കൈവിട്ടതോടെ പത്തനംതിട്ട അടക്കം മൂന്ന് മണ്ഡലങ്ങളിൽ വീണ്ടും പി.സി ജോർജിന്‍റെ അടക്കം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. എന്നാൽ കെ.സുരേന്ദ്രൻ സ്ഥാനാർഥിയായി വന്നതോടെയാണ് വിശ്വാസ സംരക്ഷണത്തിന്‍റെ പേര് പറഞ്ഞു എന്‍.ഡി.എക്കൊപ്പം നില്‍ക്കാന്‍ നീക്കം നടത്തുന്നത്.
ഇന്നലെ ചേർന്ന സംസ്ഥാന സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പി.സി ജോർജിനെ ചുമതലപ്പെടുത്തി. പി.സി ജോർജിനെ കൂടെ കൂട്ടേണ്ടതില്ലെന്ന് എൽ.ഡി.എഫ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. മുന്നണി വിപുലീകരിക്കാൻ എൻ.ഡി.എ നീക്കം നടത്തുന്ന സാഹചര്യത്തിൽ പി.സി ജോർജിനെ ആവശ്യം എൻ.ഡി.എ അംഗീകരിക്കുമെന്നാണ് സൂചന.