Kerala

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശക്തിയാര്‍ജ്ജിച്ചു; രോഗികളുടെ എണ്ണം രണ്ടാം ദിനവും 60,000 കടന്നു

രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗം ശക്തിയാർജിച്ചു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി രണ്ടാം ദിവസവും അറുപതിനായിരം കടന്നു. മൊത്തം കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയിൽ ആണ് റിപ്പോർട്ട്‌ ചെയ്യുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കർക്കും കോവിഡ് ബാധിച്ചു.

കോവിഡ് മഹാമാരി രാജ്യത്ത് വീണ്ടും പിടി മുറുക്കുകയാണ്. ഇടവേളക്ക് ശേഷം പ്രതിദിന കണക്കുകളിൽ വൻ വർദ്ധനവ് ആണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 291 പേർക്കാണ് രോഗം മൂലം ജീവൻ നഷ്ടമായത്. കഴിഞ്ഞ ഒക്ടോബർ 16 ന് ശേഷം കേസുകൾ കുറഞ്ഞു വരികയായിരുന്നു. എന്നാൽ പഴയ അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിൽ രോഗ വ്യാപനം അതി തീവ്രമാണ്.

രാജ്യത്തെ മൊത്തം കണക്കുകളിൽ 60 ശതമാനവും റിപ്പോർട്ട്‌ ചെയ്യുന്നത് അവിടെ നിന്നാണ്. രോഗവ്യാപനം കണക്കിലെടുത്ത് നാളെ മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി 8 മുതൽ രാവിലെ 7 വരെയാണ് കർഫ്യൂ. മഹാരാഷ്ട്രക്ക് പുറമെ പഞ്ചാബ്, കർണാടക, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിലും രോഗ വ്യാപനം കൂടുതലാണ്.

മുൻ ക്രിക്കറ്റ് താരവും രാജ്യസഭ എം.പിയുമായ സച്ചിൻ തെണ്ടുല്‍ക്കറിന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. തിങ്കളാഴ്ച ഹോളി ആഘോഷത്തിന് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തി. പൊതു പരിപാടികൾക്ക് അനുമതി നൽകില്ല.