സുപ്രിം കോടതി വിധി നടപ്പാക്കാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. തെരഞ്ഞെടുപ്പ് സമയത്ത് നല്കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും വിധിക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെയാണ് സര്‍ക്കാരെന്നും ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹരജി നല്കുമെന്നും ഓര്‍ത്തഡോക്സ് സഭ അറിയിച്ചു.
ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സുപ്രിം കോടതി ജഡ്ജിയും ഇതിനെതിരെ രംഗത്ത് വന്നതോടെയാണ് ഓര്‍ത്തഡോക്സ് സഭ നിലപാട് കടുപ്പിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് വിധി നടപ്പാക്കാമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ പിന്തുണ തേടിയത്. എന്നാല്‍ ഈ വാക്ക് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും കാതോലിക ബാവ ആരോപിച്ചു.
പള്ളികളുടെ ഉടമസ്ഥാവകാശം വിട്ട് നല്കില്ല. കട്ടിച്ചിറ, പിറവം പള്ളികളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കണം. അല്ലാത്ത പക്ഷം കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി.