സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്.
അതേസമയം എറണാകുളത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ കൂടുതല്‍ ആളുകള്‍ ക്യാമ്പുകളില്‍ നിന്ന് മടങ്ങി തുടങ്ങി.ജില്ലയിലെ 12 ദുരിതാശ്വാസ ക്യാമ്പുകളിൽ മൂന്നെണ്ണം പിരിച്ചുവിട്ടു. ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തോപ്പുംപടി, ഇടപ്പള്ളി സൗത്ത് എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് പിരിച്ചുവിട്ടത്. 9 ക്യാമ്പുകളിലായി 2257 പേരാണ് ഇനിയും ക്യാമ്പുകളിൽ കഴിയുന്നത്. 875 പുരുഷന്മാരും 1048 സ്ത്രീകളും 334 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. വെള്ളം കയറിയ ഭൂരിഭാഗം സ്ഥലങ്ങളും പൂർവ്വസ്ഥിതിയിൽ ആയിട്ടുണ്ട്. വീടുകൾ വൃത്തിയാക്കുന്ന പക്ഷം കുടുതൽ ആളുകൾ ഇന്ന് ക്യാമ്പുകളിൽ നിന്ന് മടങ്ങും. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള നടപടികൾ ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ വെള്ളക്കെട്ട് വ്യാപാരികളെകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. കനാലുകളിൽ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ട് ഉണ്ടാവാൻ പ്രധാന കാരണം. കനാലുകൾ യഥാസമയം വൃത്തിയാക്കുന്നതിൽ കോർപ്പറേഷൻ വീഴ്ച വരുത്തി എന്ന ആരോപണമാണ് ഉയരുന്നത്.
കലൂരില്‍ വെള്ളക്കെട്ട് ഉണ്ടായ സംഭവത്തില്‍ നിലവിലെ ഡ്രൈനേജ് സംവിധാനത്തെ കുറിച്ച് കൊച്ചി മെട്രോയോട് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കെ.എം.ആര്‍.എല്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വെള്ളക്കെട്ട് പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്.