India Kerala

മസാല ബോണ്ട് സംസ്ഥാനത്തെ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുമെന്ന് പ്രതിപക്ഷം

മസാല ബോണ്ടില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് സര്‍ക്കാര്‍. ഉയര്‍ന്ന പലിശ നിരക്കാണെന്നും സി.ഡി.പി.ക്യുവിനായി സ്വകാര്യ ഇഷ്യു നടത്തിയെന്നുമുള്ള ആരോപണത്തെ ധനമന്ത്രി അടിയന്ത്ര പ്രമേയ ചര്‍ച്ചക്കിടെ തള്ളി. കിഫ്ബിക്ക് ലഭിക്കാന്‍ സാധ്യതയുള്ള മിതമായ നിരക്കിലാണ് ബോണ്ട് ഇറക്കിയത്. മസാല ബോണ്ടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിപക്ഷത്തെ കാണിക്കാന്‍ തയ്യാറാണെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

ബോണ്ടില്‍‌ അവ്യക്തതയും നിഗൂഢതയുമുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കിഫ്ബിയുമായി ബന്ധപ്പെട്ട് നാല് നുണകള്‍ ധനമന്ത്രി പറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബോണ്ട് ഇഷ്യു ചെയ്തതിന് ശേഷമാണ് സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. ധനമന്ത്രി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നും ചെന്നിത്തല പറഞ്ഞു.

ലണ്ടനില്‍ മുഖ്യമന്ത്രി അടിച്ചത് മരണമണിയാണെന്ന് സഭയില്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ച കെ. എസ് ശബരിനാഥന്‍ പറഞ്ഞു. കിഫ്ബി രേഖകൾ നിയമസഭയുടെ മേശപ്പുറത്ത് വെക്കണമെന്ന് ആവശ്യപ്പെട്ടു. സി.ഡി.പി.ക്യു (CDPQ)വിന് നേരിട്ട് കരാര്‍ കൊടുത്തതും കണ്ണൂരിലെ വ്യവസായ പാര്‍ക്കും തമ്മില്‍ ബന്ധമുണ്ടോയെന്നും പ്രതിപക്ഷം ചോദിച്ചു. വിഷയത്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ച അവസാനിച്ചു.