Kerala

തിരുവഞ്ചൂരിനെതിരായ വധഭീഷണിക്ക് പിന്നിൽ ടി.പി കേസ് പ്രതികളെന്ന് സംശയം; അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷം

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്‌ക്കെതിരായ വധഭീഷണിക്ക് പിന്നിൽ ടി.പി കേസ് പ്രതികളെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. വധഭീഷണി ഗൗരവമായാണ് കാണുന്നത്. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അടിയന്തര നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തിരുവഞ്ചൂരിനോട് വിരോധമുള്ള ക്രിമിനലുകളാണ് ഊമക്കത്തിന് പിന്നിൽ. തിരുവഞ്ചൂർ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് ടി.പി കേസ് പ്രതികളെ ജയിലിലടയ്ക്കുന്നത്. ജയിലിലുള്ള ടി. പി കേസ് പ്രതികൾക്കാണ് തിരുവഞ്ചൂരിനോട് വിരോധമുള്ളതെന്നും ജയിലിലിരുന്ന് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അവരാണെന്നും വി. ഡി സതീശൻ കൂട്ടിച്ചേർത്തു.

തിരുവഞ്ചൂർ രാധാകൃഷ്ണന് കത്തിന്റെ രൂപത്തിലാണ് ഭീഷണിയെത്തിയത്. പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയേയും മക്കളേയും ഉൾപ്പെടെ വകവരുത്തുമെന്നായിരുന്നു ഭീഷണി. കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റു ചെയ്തത്. സംഭവത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.