ഉമ്മൻചാണ്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ തലവനാകും. വൈകീട്ട് രാഹുൽ ഗാന്ധിയുമായി കേരള നേതാക്കൾ നടത്തുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ചയാകും. ഈ ചര്‍ച്ചക്ക് ശേഷമായിരിക്കും പ്രഖ്യാപനം.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. കെ.സി വേണുഗോപാലിന്‍റെ അധ്യക്ഷതയിലാണ് ഇന്ന് യോഗം ചേര്‍ന്നത്. കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ചയിൽ പങ്കെടുത്തു. അഞ്ചിലധികം പേര്‍ അടങ്ങിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുക. നേരത്തെ ഈ പദവി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല. എന്നാല്‍ ഹൈക്കമാന്‍ഡ് സമ്മര്‍ദം ചെലുത്തിയതോടെ പദവി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായെന്നാണ് റിപ്പോര്‍ട്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി സജീവമാകേണ്ടത് അനിവാര്യമാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി. മുസ്‍ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികളും ഉമ്മന്‍ചാണ്ടി നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
രമേശ് ചെന്നിത്തല നല്ല പ്രതിപക്ഷ നേതാവാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. രമേശിന് നല്ല പദവി ലഭിക്കുന്നതിനെ കുറിച്ച് നേരത്തെ അഭിപ്രായം വ്യക്തമാക്കിയതാണ്. പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നും ഉമ്മൻചാണ്ടി ഡൽഹിയിൽ പറഞ്ഞു.