Kerala

ശബരിമലയിലെ മുറിവുണക്കാന്‍ നിയമ നടപടി വേണം: മുഖ്യമന്ത്രിയോട് ഉമ്മന്‍ചാണ്ടി

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട റിവ്യു ഹരജികള്‍ വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹരജി നല്‍കണമെന്ന് മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്. സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കണമെന്നാണ് ആവശ്യം. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയും തുടര്‍ന്ന് വിധി അടിച്ചേല്‍പിക്കാന്‍ സര്‍ക്കാര്‍ തിടുക്കത്തിലെടുത്ത നടപടികളും കേരളീയ സമൂഹത്തില്‍ മുറിവുണ്ടാക്കിയെന്ന് ഉമ്മന്‍ചാണ്ടി കത്തില്‍ പറയുന്നു.

സുപ്രീംകോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ 2016ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലം, കേരള ഹൈക്കോടതിയുടെ 1991ലെ വിധി, 1950ലെ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമതസ്ഥാപന നിയമം 31ആം വകുപ്പ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഹരജിയാണ് നല്‍കേണ്ടതെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. 1950ലെ തിരുവിതാംകൂര്‍ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിലെ വ്യവസ്ഥകളും 1991 ഏപ്രില്‍ 5ആം തിയ്യതിയിലെ കേരള ഹൈക്കോടതിയുടെ മഹീന്ദ്രന്‍ കേസിലെ വിധിന്യായവും പരിഗണിക്കാതെയാണ് ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാര വിശ്വാസങ്ങള്‍ക്കെതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. 2016 ഫെബ്രുവരി 4ന് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 10നും 50നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല അയ്യപ്പ ക്ഷേത്രത്തിന് ദര്‍ശനാനുമതി നല്‍കുന്നതിനെതിരെ നിയമപരമായും ആചാരാനുഷ്ഠാനപരമായുമുള്ള വാദങ്ങള്‍ അക്കമിട്ട് നിരത്തിയിരുന്നുവെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഹരജി വാദത്തിന് വന്നപ്പോള്‍ ഇടത് സര്‍ക്കാര്‍, 10നും 50നുമിടയില്‍ പ്രായമുള്ള സ്തീകള്‍ക്ക് ദര്‍ശനാനുമതി നല്‍കണമെന്ന നിലപാട് ഹര്‍ജിക്കാരോടൊത്ത് സ്വീകരിച്ചതുകൊണ്ടാണ് ഇത്തരമൊരു വിധി ഉണ്ടായതെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കേസില്‍ അയ്യപ്പ ഭക്തര്‍ക്ക് അനുകൂലമായി നിലപാടെടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, വിധിക്ക് ശേഷം നിലപാട് മാറ്റി അയ്യപ്പ ഭക്തന്മാര്‍ക്കെതിരെ സമീപനം സ്വീകരിച്ചത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

1991 ഏപ്രില്‍ 4ന് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്‍റെ വിധിയില്‍ ശബരിമലയില്‍ 10നും 50നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ദര്‍ശനാനുമതി നിരോധിച്ചത് ഭരണഘടനാ വ്യവസ്ഥകള്‍ക്ക് എതിരല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. അയ്യപ്പ വിശ്വാസികള്‍ പോലുമല്ലാത്ത ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് നിയമപരമായി നിലനില്‍ക്കില്ല. ഭരണഘടനയുടെ 14ആം അനുച്ഛേദ പ്രകാരമുള്ള തുല്യതാവകാശം മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ബാധകമല്ല. സുപ്രീകോടതി വിധിയും പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ അതു നടപ്പാക്കാന്‍ നടത്തിയ ശ്രമങ്ങളും കേരളീയ സമൂഹത്തിനും അയ്യപ്പഭക്തര്‍ക്കും മുറിവായി മാറിയെന്നും മുറിവുണക്കാന്‍ ഇനിയും ഒട്ടും വൈകരുതെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.