അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി സ്ത്രീധനത്തിനെതിരെയുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പോര്‍ട്ടല്‍ മുഖേന വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതിനും നല്‍കുന്നതിനും എതിരെ പരാതി സമര്‍പ്പിക്കാവുന്നതാണ്.
ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ലഭിക്കുന്ന പരാതിയിന്മേല്‍ തുടര്‍നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും മുഖ്യ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് പരാതി തീര്‍പ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താനും ഈ പോര്‍ട്ടല്‍ വഴി സാധിക്കും. സ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി സ്ത്രീധനത്തിനെതിരെയുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഈ പോര്‍ട്ടല്‍ മുഖേന വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതിനും നല്‍കുന്നതിനും എതിരെ പരാതി സമര്‍പ്പിക്കാവുന്നതാണ്. ജില്ല സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ലഭിക്കുന്ന പരാതിയിന്മേല്‍ തുടര്‍നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും മുഖ്യ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് പരാതി തീര്‍പ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താനും ഈ പോര്‍ട്ടല്‍ വഴി സാധിക്കും. സ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.
അസമത്വങ്ങളില്ലാത്ത ഒരു ലോകത്തു മാത്രമാണ് സ്വാതന്ത്ര്യം പൂര്‍ണ്ണമായും അര്‍ത്ഥവത്താകുന്നത്. അതിനാല്‍ സമഗ്രവും സുസ്ഥിരവുമായ പുരോഗതിയിലേക്കുള്ള യാത്ര സമത്വസുന്ദരമായ ലോകത്തിന്റെ സൃഷ്ടിക്കായുള്ള പോരാട്ടം കൂടിയായി മാറുകയാണ്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് ഇത്തവണത്തെ വനിതാ ദിനം ‘സുസ്ഥിര ഭാവിക്കായി ലിംഗസമത്വം ഇന്നേ’ എന്ന മുദ്രാവാക്യം നമുക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളും വര്‍ഗ സമരങ്ങളും നല്‍കിയ കരുത്തില്‍ യാഥാസ്ഥിതിക സങ്കല്പങ്ങള്‍ പലതും പൊളിച്ചെഴുതാന്‍ സാധിച്ച സമൂഹമാണ് കേരളം. എങ്കിലും സ്ത്രീകള്‍ നേരിടുന്ന സാമൂഹിക വിവേചനവും പിന്നോക്കാവസ്ഥയും ഇന്നും വലിയ തോതില്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്. സമൂഹമൊന്നാകെ വളരെ ബോധപൂര്‍വ്വം ഇടപെടുകയും പരിഹരിക്കുകയും ചെയ്യേണ്ട ഗുരുതരമായ സാമൂഹ്യപ്രശ്‌നമാണിത്.
ഈ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ വളരെ വിപുലമായ പരിപാടികളാണ് ഇത്തവണത്തെ വനിതാ ദിനത്തിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്നത്. ഇന്നു തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാനതല പരിപാടിയുടെ ഭാഗമായി സ്ത്രീധന പരാതി പോര്‍ട്ടലിന്റെ ഉദ്ഘാടനത്തിനു പുറമേ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെ വനിതാ രത്‌നം പുരസ്‌കാരം നല്‍കി ആദരിക്കുന്നു. അതേ ചടങ്ങില്‍ അങ്കണവാടികള്‍ക്കും ജീവനക്കാര്‍ക്കും ഐ.സി.ഡി.എസ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് പദ്ധതിയുടെ ഉദ്ഘാടനവും അങ്കണപ്പൂമഴ ജന്‍ഡര്‍ ഓഡിറ്റഡ് പുസ്തകത്തിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കും. പത്തു മുതല്‍ പതിനഞ്ചു വയസ്സു വരെയുള്ള പെണ്‍കുട്ടികള്‍ക്ക് ആയോധനകലകളില്‍ പരിശീലനം നല്‍കുന്ന ധീര എന്ന പദ്ധതിയും ഇന്നു ആരംഭിക്കുകയാണ്.
ലിംഗ സമത്വം കൈവരിക്കാതെ മാനവരാശിക്ക് സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ സുസ്ഥിര ഭാവി കൈവരിക്കാനാവില്ല എന്നാണ് ഐക്യരാഷ്ട്ര സഭയുള്‍പ്പെടെ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ നവകേരളത്തിനായി നമ്മള്‍ പ്രയത്‌നിക്കുന്ന ഈ ഘട്ടത്തില്‍ വനിതാ ദിനത്തിന്റേയും അതു മുന്നോട്ടു വയ്ക്കുന്ന സന്ദേശത്തിന്റേയും പ്രാധാന്യം വളരെ വലുതാണ്. ആ സന്ദേശം സഗൗരവം ഉള്‍ക്കൊണ്ട് ലിംഗനീതിയില്‍ അധിഷ്ഠിതമായ സമൂഹം വാര്‍ത്തെടുക്കാന്‍ നമുക്ക് ഒരുമിച്ച് പ്രയത്‌നിക്കാം. ഏവര്‍ക്കും വനിതാ ദിന ആശംസകള്‍.