India Kerala

‘ഓടുന്ന ബസ്സിൽ ഒരോണം’: യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് കളറാക്കിയ ഒരു കെ.എസ്.ആര്‍.ടി.സി ഓണം

ബലൂണുകൾ, തോരണങ്ങൾ, അലങ്കാരങ്ങൾ.. കെ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചർ ഇന്ന് ഓടിയത് ഓണവണ്ടിയായാണ്. കയറിയാൽ സീറ്റ് പിടിക്കാനുള്ള നെട്ടോട്ടങ്ങളായിരുന്നില്ല. ബസ് അലങ്കരിച്ചൊരുക്കാനുള്ള തത്രപ്പാടിലായിരുന്നു യാത്രക്കാരെല്ലാം. ഉത്രാടത്തിനു മുമ്പേ മറ്റൊരു ഉത്രാടപ്പാച്ചിൽ. കിളിമാനൂർ ഡിപ്പോയിലെ സെക്രട്ടറിയേറ്റ് ബസ്സെന്ന് വിളിപ്പേരുള്ള ഫാസ് പാസഞ്ചറാണ് വേറിട്ട ഓണാഘോഷത്തിന് വേദിയായത്.

സ്ഥിരം യാത്രക്കാർക്കാരുടെ വാട്ട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘ഓടുന്ന ബസ്സിൽ ഒരോണം’ എന്ന തലവാചകത്തിലായിരുന്നു ആഘോഷ പരിപാടികൾ. ഓയൂരിൽ നിന്ന് രാവിലെ പുറപ്പെട്ടപ്പോൾ തന്നെ ജീവനക്കാർ ബസിന്‍റെ മുൻഭാഗം അലങ്കരിച്ചിരുന്നു. തുടർന്ന് ഓരോ സ്റ്റോപ്പിൽ നിന്നായി യാത്രക്കാർ കയറിത്തുടങ്ങിയതോടെ ബസ്സിനുള്ളിലെ ‘ആഘോഷക്കമ്മറ്റി’യിൽ ആളും ആവേശവും കൂടി. ഉത്സവാരവത്തോടെയായിരുന്നു ബസ്സിനുൾവശം അണിയിച്ചൊരുക്കുകൾ ജോലികൾ, അതും വണ്ടി ഓടുമ്പോൾ തന്നെ. വർണ ബലൂണുകൾ വീർപ്പിക്കലും ഓണാശംസ സ്റ്റിക്കർ പതിക്കലുമെല്ലാം തകൃതി.

പതിവ് യാത്രക്കാരല്ലാത്തവർ ആദ്യം അമ്പരന്നെങ്കിലും കാര്യം മനസ്സിലായതോടെ ആഘോഷത്തിൽ അവരും സജീവമായി. പുറത്ത് മഴ തകർക്കുമ്പോഴും അതിനേക്കാളും ശക്തിയിലായിരുന്നു ബസ്സിനുള്ളിലെ ആഘോഷപ്പെരുമഴ. പോങ്ങനാട് പിന്നിട്ടതോടെ ബസ് റോഡരികിലായി നിർത്തി.


ഡ്രൈവർ വാതിൽ തുറന്ന് യാത്രക്കാരുടെ ഭാഗത്തേക്ക്. സമയം തെറ്റാതെ യാത്രക്കാരെ ഓഫീസുകളിലെത്തിക്കുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് ഓണസമ്മാനം നൽകൽ ചടങ്ങായിരുന്നു പിന്നീട്. വെള്ളിയാഴ്ച ഡ്യൂട്ടിക്കെത്തിയവര്‍ക്ക് മാത്രമല്ല, സ്ഥിരമായി ഊഴം മാറി എത്തുന്ന പത്ത് പേർക്കാണ് ഓണക്കോടി സമ്മാനിച്ചത്. ഡ്യൂട്ടിയില്ലാത്തവർ ഓണച്ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി മാത്രം എത്തിയതും ചടങ്ങുകളെ ഊഷ്മളമാക്കി. കയ്യടിയോടെയാണ് യാത്രക്കാർ ജീവനക്കാരെ ആദരിക്കൽ എതിരേറ്റത്.