ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് പോളിങ്. പരസ്യപ്രചരണം അവസാനിച്ചതോടെ മുന്നണികള്‍ ഇന്ന് നിശ്ശബ്ദ പ്രചരണത്തിലാണ്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും.
മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചതോടെ മുന്നണികളും സ്ഥാനാര്‍ഥികളും ഇന്ന് നിശബ്ദ പ്രചരണത്തിന്റെ തിരക്കിലാണ്. പരമാവധി വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ എത്തിക്കാന്‍ സ്ഥലത്തെ പ്രധാനപ്പെട്ടവരെ കണ്ട് സ്ഥാനാര്‍ഥികള്‍ വോട്ട് തേടും.നാളെ രാവിലെ ഏഴ് മണിക്കാണ് പോളിങ് ആരംഭിക്കുന്നത്. വൈകിട്ട് ആറു വരെ പോളിങ് ബൂത്തിലെ ക്യൂവില്‍ ഉള്ളവര്‍ക്ക് വോട്ട് ചെയ്യാം. ആറ് മണിക്ക് ശേഷം വരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡിന് പുറമെ കമ്മീഷന്‍ അംഗീകരിച്ച മറ്റ് 13 രേഖകളില്‍ ഏതെങ്കിലും ഒരെണ്ണം കാണിച്ചാലും വോട്ട് ചെയ്യാം.പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും. 20 ലോക്സഭ മണ്ഡലങ്ങളിലെ 140 നിയമസഭ മണ്ഡലങ്ങളിലും പോളിങ് സാമഗ്രി വിതരണം ഉണ്ടാകും.
24,970 പോളിങ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.വൈകിട്ടോടെ പോളിങ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അതാത് ബൂത്തുകളിലെത്തി ചുമതലയേറ്റെടുക്കും. 261,51,534 വോട്ടർമാരാണ് ഇത്തവണയുള്ളത്. ഇതിൽ 1,34,66,521 പേർ സ്ത്രീ വോട്ടർമാരും1,26,84,839 പുരുഷ വോട്ടർമാരുണ്ട്. 174 ട്രാൻസ്‌ജെൻഡർ വോട്ടർമാര്‍ ഇത്തവണ സമ്മതിദാനാവകാശം നിര്‍വ്വഹിക്കും. പ്രശ്നസാധ്യതയുള്ള 3621 പോളിങ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.