ഒ.വി വിജയന്‍റെ പ്രതിമ പാലക്കാട് നഗരത്തില്‍ നിന്ന് മാറ്റിയത് സംബന്ധിച്ച പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. പ്രതിമ മാറ്റി സ്ഥാപിക്കാൻ താൻ ആർക്കും അനുവാദം നൽകിയിട്ടില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അതേസമയം പ്രതിമ മോഷണം പോയെന്ന് നഗരസഭ കലക്ടർക്ക് പരാതി നൽകി. കോടതി ഉത്തരവില്ലാതെ പ്രതിമ വിട്ട് നൽകില്ലെന്ന നിലപാടിലാണ് ഒ.വി വിജയൻ സ്മാരക സമിതി.
പാലക്കാട് മുന്നോട്ട് എന്ന സംഘടനയാണ് എസ്.ബി.ഐ ജംഗ്ഷനിൽ നിന്നും പ്രതിമ പൊളിച്ചുമാറ്റിയത്. പാലക്കാട് മുൻസിഫ് കോടതിയുടെ ഉത്തരവോടു കൂടിയാണ് പൊളിച്ച് മാറ്റിയത്. പ്രതിമ മോഷണം പോയന്ന് കാണിച്ച് പാലക്കാട് മുൻസിപാലിറ്റി ജില്ലാ കലക്ടർക്ക് പരാതി നൽകി. പൊളിച്ചുമാറ്റിയ പ്രതിമ തസ്രാക്കിലെ ഒ.വി വിജയൻ സ്മാരകത്തിലാണ് ഇപ്പോൾ ഉള്ളത്. പ്രതിമ തസ്റാക്കിൽ എത്തിയത് കൊണ്ടുമാത്രമാണ് സ്വീകരിച്ചത് എന്നാണ് ഒ.വി വിജയന്‍ സ്മാരക സമിതി പറയുന്നത്. ഇനി കോടതി ഉത്തരവിലൂടെ മാത്രമേ പ്രതിമ വിട്ടുകൊടുക്കൂ എന്നും സമിതി പറയുന്നു.
പ്രതിമ മാറ്റി സ്ഥാപിച്ചതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് കലക്ടറുടെ വിശദീകരണം. അതിനിടെ പ്രതിമ ഏറ്റടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർ ഒ.വി വിജയൻ സ്മാരക സമിതിക്ക് എഴുതിയ കത്ത് പുറത്തായി.