സംസ്ഥാനത്ത് ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവെന്ന് കണ്ടെത്തല്‍. മുന്‍ വര്‍ഷത്തേക്കാള്‍ 45,573 കുട്ടികളുടെ കുറവാണ് ഇത്തവണ സ്‌കൂളുകളിലുണ്ടായത്. സര്‍ക്കാര്‍, എയ്ഡഡിലും അണ്‍എയ്ഡഡ് മേഖലയിലും കുട്ടികള്‍ കുറഞ്ഞു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാകുകയാണ്. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ ആകെ പ്രവേശനം നേടിയത് 3,48,741 കുട്ടികളാണ്. എന്നാല്‍ ഇത്തവണ 3,03,168 കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. 45,573 കുട്ടികളുടെ കുറവ്.
വിദ്യാഭ്യാസ മന്ത്രി നിയമ സഭയെ രേഖ മൂലമാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ 37522 കുട്ടികളുടെ കുറവാണുള്ളത്. എന്നാല്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ രണ്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ എണ്ണത്തില്‍ 119970 വിദ്യാര്‍ത്ഥികളുടെ വര്‍ധനയുണ്ടായി. സര്‍ക്കാര്‍ മേഖലയില്‍ 449 15 ഉം എയ്ഡഡ് മേഖലയില്‍ 750 55 കുട്ടികളുമാണ് വര്‍ധിച്ചത്.
അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും കുട്ടികള്‍ കൂടുതലായി സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് പ്രവേശനം തേടുന്നത് അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലുമാണ്. സംസ്ഥാനത്ത് പത്തോ അതില്‍ കുറവോ കുട്ടികള്‍ പഠിക്കുന്ന 40 സര്‍ക്കാര്‍ സ്‌കൂളുകളും 109 എയ്ഡഡ് സ്‌കൂളുകളുമാണ് സംസ്ഥാനത്തുള്ളത്.