സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്തെത്തി. രാവിലെ പത്തരക്കാണ് ജില്ലയിൽ മുഖ്യമന്ത്രിയുടെ ആദ്യപരിപാടി. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. അതേസമയം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ബഹിഷ്കരിക്കുമെന്ന് എന്‍.എസ്.എസ് അറിയിച്ചു. എൻ.എസ്.എസിന്റെ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിഞ്ഞു നിൽക്കുന്നുവെന്ന് പറഞ്ഞാണ് ബഹിഷ്കരണം.
10.30 നാണ് ക്ഷണിക്കപ്പെട്ടിട്ടുള്ള വിവിധ സാംസ്കാരിക സാമൂഹിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുക. ജില്ലയിലെ പ്രധാന ബിഷപ്പുമാർ, മുസ്‍ലിം മത പണ്ഡിതന്മാർ, കശുവണ്ടി വ്യവസായികൾ, വിവിധ മാനേജ്മെന്‍റ് പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, തുടങ്ങിയവരുമായാണ് കൂടിക്കാഴ്ച നടത്തുക. ഈ വിഭാഗങ്ങളിൽ നിന്ന് 80 പേരാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. മറ്റു പ്രതിനിധികൾ ഉൾപ്പെടെ 125 പേർ ചർച്ചയിൽ പങ്കെടുക്കും. ഇവരുടെ അഭിപ്രായങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്രോഡീകരിക്കാൻ പ്ലാനിങ് ബോർഡിൽ നിന്നുള്ള അംഗങ്ങളും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടാവും.
കൂടിക്കാഴ്ചയിൽ ഉയർന്നുവരുന്ന അഭിപ്രായ നിർദ്ദേശങ്ങൾ പരിഗണിച്ചാവും 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള എൽ.ഡി.എഫിന്‍റെ പ്രകടനപത്രിക തയ്യാറാക്കുക.