Kerala

ലൈഫ് പദ്ധതിയെ തൊടാതെയും ജലീലിനെ കടന്നാക്രമിക്കാതെയും പ്രതിപക്ഷം; ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സര്‍ക്കാര്‍

ലൈഫ് പദ്ധതി സംബന്ധിച്ച അടിസ്ഥാനപരമായ ചോദ്യങ്ങൾ പ്രതിപക്ഷം സർക്കാരിന് മുന്നിൽ ഉയർത്തുകയോ ഭരണപക്ഷം മറുപടി പറയുകയോ ചെയ്തില്ല.

ലൈഫ് പദ്ധതിയിലും സ്വർണക്കടത്തിലും തൊടാതെ നിയമസഭയിലെ അവിശ്വാസ പ്രമേയ ചർച്ച. ലൈഫ് പദ്ധതി സംബന്ധിച്ച അടിസ്ഥാനപരമായ ചോദ്യങ്ങൾ പ്രതിപക്ഷം സർക്കാരിന് മുന്നിൽ ഉയർത്തുകയോ ഭരണപക്ഷം മറുപടി പറയുകയോ ചെയ്തില്ല. യുഎഇ കോൺസുലേറ്റുമായുള്ള ബന്ധത്തിന്‍റെ പേരിൽ പ്രതിക്കൂട്ടിലായ കെ ടി ജലീലിനെയും പ്രതിപക്ഷം ഒരു പരിധി വിട്ട് വിമർശിച്ചില്ല.

സ്വർണക്കടത്തിലും ലൈഫ് റെഡ് ക്രസന്‍റ് ഇടപാടിലും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം തീരുമാനിച്ചത്. എന്നാൽ 10 മണിക്കൂറിലേറെ നീണ്ടുനിന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ ഒരു ഘട്ടത്തിലും ഈ രണ്ടു വിഷയങ്ങളിലും സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളൊന്നും പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല. ലൈഫ് റെഡ് ക്രസന്‍റ് ധാരണാ പത്രത്തിന്‍റെ കേന്ദ്ര അനുമതി, ലൈഫിലെ ധാരണാപത്ര പ്രകാരമുള്ള തുടർ കരാറുകളില്‍ ഏര്‍പ്പെടാത്തത്, യുനിടാകിന്‍റെ കരാർ, ലൈഫ് ഇടപാടിലെ കമ്മീഷന്‍, മന്ത്രി കെ ടി ജലീലിന്‍റെ പ്രോട്ടോക്കോൾ ലംഘനങ്ങള്‍ തുടങ്ങിയ പ്രധാന വിഷയങ്ങളിലേക്ക് പ്രതിപക്ഷം ചർച്ച കൊണ്ടുപോയില്ല.

ലൈഫ് ധാരണാപത്രമോ അന്വേഷണ ഏജൻസികൾ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടോ നിയമവും ചട്ടവും ഉദ്ധരിച്ചു കൊണ്ടുള്ള പരാമർശങ്ങളോ ഒന്നും ചർച്ചയുടെ ഭാഗമായില്ല. ലൈഫിലെ കമ്മീഷന്‍ ഒമ്പതേക്കാല്‍ കോടിയാണെന്ന വി ഡി സതീശന്‍റെ ആരോപണം മാത്രമാണ് പുതിയതായി ഉന്നയിക്കപ്പെട്ടത്. ആരോഗ്യ, പൊതുമരാമത്ത് വകുപ്പുകള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളാകട്ടെ സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കിയതുമില്ല. ലൈഫ് വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണം ഉന്നയിച്ചിരുന്ന അനില്‍ അക്കരക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചതുമില്ല.

പ്രതിപക്ഷത്ത് നിന്നുള്ള ആക്രമണം ദുര്‍ബലമായതോടെ പല വിഷയങ്ങളിലും മറുപടി പറയാതെ രക്ഷപ്പെടാന്‍ സര്‍ക്കാരിന് കഴിഞ്ഞു. മൂന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു നിന്ന പ്രസംഗത്തിലെവിടെയും ലൈഫ് പദ്ധതിയെക്കുറിച്ച് ഒരു മറുപടിയും മുഖ്യമന്ത്രി പറഞ്ഞില്ല. തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീന്‍, നിയമമന്ത്രി എ കെ ബാലന്‍ തുടങ്ങിയവരും സഭയില്‍ സംസാരിച്ചില്ല. സർക്കാർ നാല് വർഷം ചെയ്ത പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറയാനും കോൺഗ്രസിനേയും യുഡിഎഫിനെയും രാഷ്ട്രീയമായി ആക്രമിക്കാനും മുഖ്യമന്ത്രി അടക്കമുള്ള ഭരണപക്ഷ അംഗങ്ങള്‍ അവസരം ഉപയോഗപ്പെടുത്തുകയും ചെയ്തു.