പൊതുപരിപാടികളോട് മുഖം തിരിഞ്ഞ് നിൽക്കുന്ന കൊച്ചിയിലെ പതിവ് കാഴ്ചയായിരുന്നില്ല ഇന്നലെ നടന്ന സ്ത്രീകളുടെ രാത്രി നടത്തത്തിൽ കണ്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ രാത്രി നടത്തത്തിന് എത്തിയത് എറണാകുളം ജില്ലയിലായിരുന്നു. രാത്രി നടത്തത്തിൽ സ്ത്രീകളുടെ പങ്കാളിത്വം കൊണ്ട് ശ്രദ്ധേമായത് എറണാകുളം ജില്ലയാണ്.
എറണാകുളം ജില്ലയിൽ 45 ഇടത്താണ് രാത്രി നടത്തം സംഘടിപ്പിച്ചത്. പത്തു മുനിസിപ്പാലിറ്റികളിലെയും കൊച്ചി കോർപ്പറേഷനുകളിലെയും നിരത്തുകളിലൂടെ രാത്രി സ്ത്രീകൾ ആവേശത്തിൽ നടന്നു. അറിയാവുന്ന പാട്ടുകൾ അവർ സന്തോഷത്തിൽ പാടി.
അഞ്ഞൂറിലധികം പേർ വിവിധയിടങ്ങളിലായി ജില്ലയിൽ പങ്കെടുത്തു. ഏറ്റവു കൂടുതൽ പേർ പങ്കാളികളായത് മരട് മുനിസിപ്പാലിറ്റിലിയാരുന്നു. പലയിടത്തും സംഘാടകർ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സ്ത്രീകൾ എത്തി. നാൽപ്പത്തി അഞ്ചു വഴികളിലായി രാത്രി നടത്തക്കാർക്ക് സുരക്ഷയൊരുക്കി നൂറ്റി അൻപതോളം പേരുമുണ്ടായിരുന്നു. കൊച്ചി നഗരത്തിൽ നാലിടത്താണ് പരിപാടി സംഘടിപ്പിച്ചത്. പാലാരിവട്ടത്ത് നിന്നുള്ള സംഘത്തിൽ കൊച്ചി മേയർ സൗമിനി ജയിനും ഉണ്ടായിരുന്നു. ചങ്ങമ്പുഴ പാർക്കിൽ ഒത്തു ചേർന്ന സംഘം പാട്ടുപാടി മെഴുകുതിയും കത്തിച്ച് പ്രതിജ്ഞയും ചൊല്ലിയാണ് പിരിഞ്ഞത്.