കേരളത്തില്‍ 39 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ 14 ഓഫിസുകളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നാണ് എന്‍ഐഎ പറയുന്നത്. എന്‍ഐഎ ഡയറക്ടര്‍ ദിന്‍കര്‍ ഗുപ്ത നേരിട്ടാണ് റെയ്ഡ് ഏകോപിപ്പിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ അബൂബക്കര്‍, നസറുദീന്‍ എളമരം എന്നിവര്‍ എന്‍ഐഎ കസ്റ്റഡിയിലായിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇവരെ എന്‍ഐഎ സ്‌പെഷ്യല്‍ കോടതികളില്‍ ഹാജരാക്കും.
പിഎഫ്‌ഐ ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുറഹ്മാന്റെ കളമശേരിയിലെ വീട്ടില്‍ ഉള്‍പ്പെടെയാണ് റെയ്ഡ് നടക്കുന്നത്. എസ്ഡിപിഐ ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്റെ വീട്ടിലും എന്‍ഐഎ പരിശോധന നടത്തുന്നുണ്ട്. പത്തനംതിട്ടയില്‍ പിഎഫ്‌ഐ ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. അടൂരിലും പെരുമ്പിലാവിലും എസ്ഡിപിഐ ഓഫിസുകളില്‍ റെയ്ഡ് നടക്കുന്നുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍ നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലാണ്. തൃശൂര്‍ ജില്ലയിലെ തെക്കഞ്ചേരിയിലെ യൂണിറ്റി ഹൗസിലും എന്‍ഐഎ റെയ്ഡ് നടത്തുന്നുണ്ട്. പാലക്കാട് പട്ടാമ്പിയില്‍ സംസ്ഥാന സമിതി അംഗം റൗഫിന്റെ വീട്ടിലും പരിശോധന നടന്നുവരികയാണ്. കോഴിക്കോട് കരുവംപൊയിലില്‍ പിഎഫ്‌ഐ സ്ഥാപകനേതാവ് ഇ അബൂബക്കറിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ദേശീയ സമിതി അംഗം കോഴിക്കോട് കാരന്തൂര്‍ സ്വദേശി പി കോയ കസ്റ്റഡിയിലായി.