കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അറുപത് സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് പുരോഗമിക്കുന്നു. കൊച്ചിയിൽ അറസ്റ്റിലേക്ക് കടന്നുവെന്നും സൂചനയുണ്ട്. കോയമ്പത്തൂർ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജമേഷ മുബീൻ, മംഗലാപുരം സ്ഫോടനത്തിൽ പ്രവർത്തിച്ച ഷാരിഖ് എന്നിവരുമായി ബന്ധപ്പെട്ട ആളുകളിലേക്കാണ് അന്വേഷണം പോകുന്നത്.
അറുപത് ഇടങ്ങളിൽ ഇവരുടെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡ് പുരോഗമിക്കുകയാണ്. കേരളത്തിലെ കാര്യമെടുത്താൽ എറണാകുളത്താണ് റെയ്ഡ് നടക്കുന്നത്. മട്ടാഞ്ചേരി, ആലുവയിൽ രണ്ട് സ്ഥലങ്ങൾ, പറവൂർ, ഇടത്തല എന്നീ സ്ഥലങ്ങളിലാണ് എറണാകുളത്ത് റെയ്ഡ് നടക്കുന്നത്. ആകെ അഞ്ചിടങ്ങളിൽ എറണാകുളത്ത് റെയ്ഡ് നടക്കുന്നുണ്ട്. മംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ടാണ് കൊച്ചിയിൽ റെയ്ഡ് പുരോഗമിക്കുന്നത്. ഷാരിഖ് മംഗലാപുരത്ത് നിന്നും സ്ഫോടനത്തിന് തൊട്ടുമുൻപ് കേരളത്തിലെത്തിയെന്നും ഇവിടെ താമസിച്ചെന്നും കണ്ടെത്തിയിരുന്നു. അതിനുവേണ്ട സഹായങ്ങൾ ചെയ്ത് നൽകിയവരെ സംബന്ധിച്ചാണ് നിലവിൽ ഈ അന്വേഷണം പുരോഗമിക്കുന്നത്.
മട്ടാഞ്ചേരിയിലും ആലുവയിലെ രണ്ടിടങ്ങളിലും പറവൂർ, ഇടത്തല എന്നിവിടങ്ങളിൽ ഇയാൾ താമസിക്കുകയോ സന്ദർശനം നടത്തുകയോ ചെയ്തു എന്ന് നേരത്തെ സംസ്ഥാന എടിഎസും എൻഐഎയും കണ്ടെത്തുകയും ചെയ്തിരുന്നു. മംഗളൂർ സ്ഫോടനക്കേസിലെ പ്രതി ഷാരിഖിന് സഹായം ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിലായി. പക്ഷെ അത് സ്ഥിരീകരിച്ചിട്ടില്ല. ആകെ അഞ്ച് പേരെയാണ് എൻഐഎ തിരക്കിയെത്തിയത്. ഇതിൽ മൂന്ന് പേർ വീട്ടിലുണ്ടായിരുന്നു. ഈ മൂന്ന് പേർ പിടിയിലായി എന്ന വിവരം കിട്ടിയിട്ടുണ്ട്. അത് എൻഐഎ സ്ഥിരീകരിച്ചിട്ടില്ല.
ചെന്നൈയിൽ രണ്ടിടങ്ങളിൽ റെയ്ഡ് നടക്കുന്നു എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. മണ്ണടിയും, കൊടങ്ങയൂരുമാണ് റെയ്ഡ് നടക്കുന്നത്. തമിഴ്നാട്ടിൽ 40 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. കോയമ്പത്തൂരിൽ ഒക്ടോബർ 23ന് പുലർച്ചെ നടന്ന കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടാണ് ഈ ഒരു പരിശോധന നടക്കുന്നത്.