Kerala

സമൂഹമാധ്യമങ്ങൾ വഴി ഐ.എസ് പ്രചാരണം; മൂന്ന് മലയാളികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

സമൂഹമാധ്യമങ്ങൾ വഴി ഐ.എസ് ആശയ പ്രചാരണം നടത്തിയെന്ന കേസിൽ മൂന്ന് മലയാളികൾക്കെതിരെ യുഎപിഎ അടക്കം ചുമത്തി കുറ്റപത്രം സമർപ്പിച്ച് എൻഐഎ. മലപ്പുറം സ്വദേശി അബു യാഹിയ എന്ന മുഹമ്മദ് അമീൻ, കണ്ണൂർ സ്വദേശി മുഷബ് അൻവർ, കൊല്ലം ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവർക്കെതിരെയാണ് കുറ്റപത്രം.

ഡൽഹി എൻഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ടെലഗ്രാം, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ഐ.എസ് ആശയ പ്രചാരണം നടത്തിയെന്നാണ് ആരോപണം. ആശയപ്രചാരണത്തിനായി കൂടുതൽ ആൾക്കാരെ റിക്രൂട്ട് ചെയ്‌തെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.

മുഹമ്മദ് അമീൻ എന്ന പ്രതി കശ്മീരിൽ 2020 മാർച്ചിൽ കശ്മീരിലെത്തി ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടു. രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാൻ പ്രതികളായ മുഹമ്മദ് അമീനും, കൂട്ടുപ്രതി റഹീസ് റഷീദും, കശ്മീരിലെ വിൽ‌സൺ കശ്മീരി എന്ന മുഹമ്മദ് വഖാർ ലോണിയുമായി ചേർന്ന് ഫണ്ട് ഇടപാടുകൾ നടത്തിയെന്നും കുറ്റപത്രത്തിൽ ആരോപിച്ചു.