കേന്ദ്ര നിയമം അനുസരിച്ച് സ്കൂള്‍ ഘടനയിൽ മാറ്റം വരുത്തണമെന്ന ഹൈക്കോടതി വിധി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ സങ്കീർണമായ സ്ഥിതിവിശേഷം സൃഷ്ടിക്കും. ഇരുപത്തി അയ്യായിരത്തോളം അധ്യാപകരെ പുനർവിന്യസിക്കേണ്ടി വരും. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നല്‍കണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം. ഹൈക്കോടതി വിധി നടപ്പിലാക്കിയാൽ എൽ.പി സ്കൂളുകളിൽ തസ്തിക കൂടുകയും ഹൈസ്കൂളുകളിൽ തസ്തിക കുറയുകയും ചെയ്യും. ഇതോടെ ഇവരുടെ പുനർവിന്യാസം വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങും.
എന്നാൽ മാനേജ്മെന്‍റുകള്‍ക്ക് പുതിയ നിയമനങ്ങൾക്ക് അവസരമൊരുങ്ങും. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്ന സമയത്ത് തന്നെ ഇക്കാര്യം പഠിച്ച് കേരളം റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. എൽപി സ്കൂളുകളിൽ അധികം വേണ്ട അധ്യാപകരെ മറ്റ് സ്കൂളുകളിൽ നിന്ന് കണ്ടെത്തുക, താഴ്ന്ന ക്ലാസുകളിലേക്ക് മാറുന്നവര്‍ക്ക് നിലവിലെ ശമ്പള ഘടന നിലനിര്‍ത്തുക, എന്നിട്ടും അധികം വരുന്ന അധ്യാപകരെ പരിശീലന പരിപാടികള്‍ക്ക് ഉപയോഗപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അന്നുണ്ടായത്. എന്നാല്‍ ഇത് മാനേജ്മെന്‍റുകൾ അംഗീകരിച്ചിരുന്നില്ല. ഘടനാമാറ്റത്തിന് ഹൈക്കോടതിയിൽ നിന്ന് മാനേജ്മെന്‍റുകൾ അനുകൂല വിധി നേടിയത് ഫലത്തില്‍ സംസ്ഥാന സർക്കാറിനെയാണ് പ്രതിസന്ധിയിലാക്കുന്നത്.