Kerala

ഇനിമുതല്‍ ശ്വാസ തടസത്തിന്‍റെ തീവ്രതയനുസരിച്ച് ചികിത്സ; കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശം വീണ്ടും പുതുക്കി ആരോഗ്യവകുപ്പ്

ശ്വാസതടസത്തിന്റെ തീവ്രത അനുസരിച്ച് ചികിത്സ നിശ്ചയിക്കും. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത കോവിഡ് രോഗികളെ വീട്ടില്‍ നിരീക്ഷിക്കുമെന്നും ആരോഗ്യവകുപ്പിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സംസ്ഥാനത്ത് പരിഷ്‌ക്കരിച്ച കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി. കോവിഡ് ബാധിതരെ രോഗ ലക്ഷണമനുസരിച്ച് തരംതിരിക്കും. ശ്വാസതടസത്തിന്റെ തീവ്രത അനുസരിച്ച് ചികിത്സ നിശ്ചയിക്കും. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത കോവിഡ് രോഗികളെ വീട്ടില്‍ നിരീക്ഷിക്കുമെന്നും ആരോഗ്യവകുപ്പിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് എ,ബി,സി എന്നിങ്ങനെ രോഗികളെ മൂന്ന് കാറ്റഗറികളായി തിരിക്കും. വലിയ രോഗലക്ഷണമില്ലാത്തവരെയാണ് എ, ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുക. ഇവരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ പരിചരിക്കും. കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയാണ് സി കാറ്റഗറിയില്‍ പെടുത്തുക. ഇവരെ ആശുപത്രികളിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നല്‍കുകയാണ് പുതിയ മാര്‍ഗനിര്‍ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കോവിഡ് വ്യാപനം കൂടുമെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. കോട്ടയം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് രോഗവ്യാപനം കൂടുക. ഏഴ് ജില്ലകളില്‍ കോവിഡ് ബാധ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യവകുപ്പിന്‍റെ പ്രതിവാര റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ മാസം ഏഴ് മുതല്‍ 14 വരെയുള്ള പരിശോധനകളുടെയും പോസീറ്റീവ് കേസുകളുടെയും അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.