Kerala

കൊച്ചി ലഹരിമരുന്ന് വേട്ട; പിടിയിലായ വിദേശ പൗരന്മാരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

കൊച്ചി നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള ലഹരിമരുന്ന് കടത്ത് കേസില്‍ ടാന്‍സാനിയന്‍ പൗരന്‍ അഷ്‌റഫ് സാഫിയെയും സിംബാവെ പൗരത്വമുള്ള ഷാരോണ്‍ ചിക്ക്വാസെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനം. ഇരുവര്‍ക്കും ലഹരിമരുന്ന് നല്‍കിയത് ഒരേ സംഘമാണെന്നാണ് എന്‍സിബിയുടെ നിഗമനം. ഇരുവരെയും കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കത്തിലാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ.

ജൂണ്‍ 19നാണ് കോടികള്‍ വില വരുന്ന മയക്കുമരുന്നുമായി ഷാരോണ്‍ ചിക്ക്വാസെ പിടിയിലായത്. ഇവരും അഷ്‌റഫ് സാഫിയും മയക്കുമരുന്ന് എത്തിച്ചത് കൊച്ചി, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ വില്‍പനയ്ക്ക് വേണ്ടിയായിരുന്നു. രണ്ടുപേരുടെയും കൈവശമുണ്ടായിരുന്നത് അഫ്ഗാന്‍ ബന്ധമുള്ള ലഹരിമരുന്നാണ്. അഷ്‌റഫ് സാഫിയെ 10 ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം നീക്കം നടത്തുകയാണ്.