Kerala

ദേശീയ പതാകയുടെ അളവുകള്‍ തെറ്റി; ഒരു ലക്ഷത്തിലധികം പതാകകൾ കുടുംബശ്രീ തിരികെ വാങ്ങി

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കിയിൽ വീടുകളിലും സ്ഥാപനങ്ങളിലും ഉയ‍ർത്താൻ വിതരണം ചെയ്തത് അളവുകളിലെ നിബന്ധന പാലിക്കാതെയുള്ള പതാകകൾ. ഇടുക്കി കുടുംബശ്രീ തെറ്റു കണ്ടെത്തിയതിനെ തുട‍ർന്ന് ഒരു ലക്ഷത്തിലധികം പതാകകൾ തിരികെ വാങ്ങി.

തുന്നലുകൾ കൃത്യമല്ല. ഓരോ നിറത്തിനും ഓരോ വലിപ്പം. 30 രൂപയാണ് പതാകയ്ക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കിയത്. പുതിയ പതാക രണ്ടു ദിവസം കൊണ്ട് എവിടെ നിന്ന് കണ്ടെത്തുമെന്നറിയാതെ വിഷമത്തിലാണ് ഓർ‍ഡർ നൽകിയവർ.

ആദ്യഘട്ടമായി ഒരു ലക്ഷത്തി ഇരുപതിനായിരം പതാകകൾ എത്തിച്ചു. കളക്ടറേറ്റിൽ വിതരണ ഉദ്ഘാടനവും നടത്തി. ഇതു കഴിഞ്ഞപ്പോഴാണ് അളവിലെ വ്യത്യാസം കണ്ടെത്തിയത്.

തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി സ്കൂളുകളിൽ വിതരണം ചെയ്യാൻ രണ്ടു ലക്ഷത്തിലധികം പതാകകൾക്കാണ് കുടുംബശ്രീക്ക് ഓ‍ർ‍ഡർ ലഭിച്ചത്. വിവിധ പഞ്ചായത്തുകളിലെത്തിച്ച പതാകകൾ തിരികെ വാങ്ങിയതിനൊപ്പം പണവും തിരികെ നൽകി.