നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കും. കേസില്‍ തനിക്കെതിരേ കുറ്റം ചുമത്തിയത് നിയമപരമല്ലെന്ന് കാണിച്ചാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. വിടുതല്‍ ഹര്‍ജി തള്ളയതിനെതിരേ മേല്‍ക്കോടതിയെ സമീപിക്കാന്‍ സമയം കിട്ടിയില്ല. തനിക്കെതിരേയും മറ്റ് പ്രതികള്‍ക്കെതിരേയുമുള്ള കുറ്റങ്ങള്‍ വ്യത്യസ്തമാണെന്നും അതിനാല്‍ ഒരുമിച്ച് കുറ്റം ചുമത്താന്‍ കഴിയില്ലെന്നും ദീലീപ് പറഞ്ഞു.
ദിലീപിന്റെ ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. ആ ഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കാതെ നാല് ആഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. അതിനിടയില്‍ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുന്നത് നിയമപരമായി നിലനില്‍ക്കില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ സ്വീകരിച്ചത്.
എന്നല്‍ കുറ്റം ചുമത്തിയത് നിയമപരമല്ല എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഈ ആവശ്യം സുപ്രീം കോടതിയില്‍ ഉന്നയിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.
കേസില്‍ വിചാരണ ഈ മാസം 30ന് തുടങ്ങാനിരിക്കെയാണ് ഹൈക്കോടതിയില്‍ ദിലീപ് ഹര്‍ജിയുമായെത്തിയത്. നേരത്തെ കേസില്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയതിനു ദിലീപിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്.