HEAD LINES Kerala

‘സാധനം എന്ന വാക്ക് നിത്യജീവിതത്തിൽ ഉപയോഗിക്കുന്നത്’; കെഎം ഷാജിയുടെ പരാമർശം സ്ത്രീവിരുദ്ധതയല്ലെന്ന് വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ്

മന്ത്രി വീണ ജോർജിനെതിരായ പരാമർശത്തിൽ കെഎം ഷാജിയെ പിന്തുണച്ച് വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷാജിത നൗഷാദ്. കെഎം ഷാജിയുടെ പരാമർശം സ്ത്രീവിരുദ്ധതയായി കാണാനാവില്ലെന്ന് ഷാജിത നൗഷാദ് 24നോട് പറഞ്ഞു. (league women km shaji)

സാധനം എന്ന് പറയുന്നത് നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു വാക്കാണ്. സാധനം എന്നു പറയുന്നത് ഒരു പ്രാദേശിക ഭാഷയാണ്. കെ എം ഷാജി കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളെയാണ് ചൂണ്ടിക്കാണിച്ചത്. സർക്കാരിനെതിരെ ആര് വിമർശിച്ചാലും ഇപ്പോൾ കേസെടുക്കും. വാക്കുകൾ വളച്ചൊടിച്ച വനിതാ കമ്മീഷനെതിരെയാണ് കേസെടുക്കേണ്ടത്. അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം നടന്നപ്പോൾ വനിതാ കമ്മീഷൻ എവിടെയായിരുന്നു? വനിതാ കമ്മീഷൻ പ്രവർത്തിക്കുന്നത് സിപിഐഎമ്മിന്റെ പോഷക സംഘടന പോലെയാണ് എന്നും ഷാജിത പ്രതികരിച്ചു.

അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെഎം ഷാജിയുടെ പരാമർശം. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യതയെന്നും കെ.എം ഷാജി പറഞ്ഞു.

മലപ്പുറം കുണ്ടൂർ അത്താണി മുസ്ലിം ലീഗ് സമ്മേളന വേദിയിൽ സംസാരിക്കവെയാണ് കെ.എം ഷാജി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. വീണാ ജോർജിന് ഒരു കുന്തവും അറിയില്ല. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യത. ആരോഗ്യമന്ത്രി ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രഗത്ഭയല്ലെങ്കിലും നല്ല കോ-ഓർഡിനേറ്റർ ആയിരുന്നുവെന്ന് പറഞ്ഞ ഷാജി ദുരന്തം എന്ന് കേൾക്കുമ്പോൾ ഇടതുപക്ഷം സന്തോഷിക്കുകയാണെന്നും കുറ്റപ്പെടുത്തി. ദുരന്തങ്ങളെ മുതലെടുക്കാനും മുഖ്യമന്ത്രിക്ക് വാർത്താസമ്മേളനം നടത്താനുമുള്ള അവസരമായാണ് അവർ കാണുന്നത്. നിപ്പയെ അവസരമാക്കി എടുക്കരുതെന്നും കെ.എം ഷാജി സർക്കാരിനോട് ആവശ്യപ്പെട്ടു.

പരാമർശത്തിനു പിന്നാലെ ഷാജിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. ഇതിനു പിന്നാലെ കേസെടുത്ത വനിതാ കമ്മീഷനെതിരെ മുസ്ലിം ലീഗ് നേതാക്കളായ കെപിഎ മജീദ്, എംകെ മുനീർ എന്നിവരും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നിരുന്നു.