താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തീരദേശ മേഖലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്.
സംഘർഷ സാധ്യത ഒഴിവാക്കാനാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരും കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ ബന്ധുക്കളുമായ ഏതാനും പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി യു. അബ്ദുൽ കരീം പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും എസ്. പി പറഞ്ഞു.
പ്രതികളെ ഉടൻ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവിശ്യപ്പെട്ടു. കൊലപാതകത്തിൽ പ്രതിഷേധിച്ച് തീരദേശ നിയോജക മണ്ഡലങ്ങളിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ സി.പി.എം ആണെന്നാണ് ലീഗ് ആരോപിക്കുന്നത്. എന്നാൽ സി.പി.എം ഇത് തള്ളി. കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ ഇൻക്വാസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.