എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് രംഗത്ത്. ശ്രീനാരായണ വാഴ്‌സിറ്റി വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെയാണ് മുസ്ലീംലീഗ് രംഗത്തെത്തിയത്. വെള്ളാപ്പള്ളിയുടെ നിലപാട് ഗുരുനിഷേധമാണെന്നും ഉള്ളിലുറഞ്ഞ് കിടക്കുന്നത് വർഗീയതയാണെന്നും മുസ്ലീംലീഗ് പാർട്ടി മുഖപത്രമായ ചന്ദ്രികയിൽ എഴുതിയ മുഖപ്രസംഗത്തിൽ പറയുന്നു.
‘മുസ്ലീം പേരിനോട് ഓക്കാനമോ’ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള സർവകലാശാലയായിട്ടല്ല സംസ്ഥാന സർക്കാർ ഓപ്പൺ സർവകലാശാല സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ ശ്രീനാരായണ ഗുരുവിന്റെ നാമം ആലേഖനം ചെയ്തതുകൊണ്ട് കേരള ഓപ്പൺ സർവകലാശാലയുടെ ഉന്നത സ്ഥാനീയനായ വ്യക്തി ഗുരുവിന്റഎ സമുഗായത്തിൽ പിറന്നയാളാകണമെന്ന് വാദിക്കുന്നത് ബാലിശമാണ്. മുസ്ലീം വി.സിയായതാണ് പ്രശ്‌നമെങ്കിൽ അതിന് മാത്രം എന്തടിസ്ഥാനമാണ് ഉള്ളതെന്ന് മുഖപ്രസംഗത്തിൽ ചോദിക്കുന്നു.
ഗുരുദേവന്റെ പേരിൽ സ്ഥാപിച്ച ഓപ്പൺ സർവകലാശാലയുടെ തലപ്പത്ത് ശ്രീനാരായണീയ ദർശനം ആഴത്തിൽ പഠിച്ചയാളെ നിയമിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ തള്ളിയിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ വെള്ളാപ്പള്ളി നടേശൻ, സംസ്ഥാന സർക്കാർ ശ്രീനാരായണ സമൂഹത്തിന്റെ കണ്ണിൽ കുത്തിയെന്ന് പറഞ്ഞിരുന്നു.