India Kerala

ആലപ്പുഴയിലെ തോല്‍വി അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അലപ്പുഴയിലെ പരാജയം അന്വേഷിക്കാന്‍ കെ.പി.സി.സി സമിതിയെ നിയോഗിച്ചു. കെ.വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയാണ് പരാജയം അന്വേഷിക്കുക. മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാനും കെ.പി.സി.സി തീരുമാനിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 19 സീറ്റുകളിലും വിജയിച്ചപ്പോള്‍ ആലപ്പുഴയില്‍ നേരിടേണ്ടി വന്ന പരാജയം പാര്‍ടി അന്വേഷിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇതിനായി കെ.വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചു. പി.സി വിഷ്ണുനാഥും കെ.ടി കുഞ്ഞിക്കണ്ണനും സമിതിയില്‍ അംഗങ്ങളാണ്.

മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നും നവമാധ്യമ ചുമതലയുള്ള ശശി തരൂരിനോട് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ആക്രമണത്തിരയായ സി.ഒ.ടി നസീര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ സ്വീകരിക്കുമെന്നും, സസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആറ് നിയോജക മണ്ഡലങ്ങളിലും ഉറച്ച വിജയ പ്രതീക്ഷയാണുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.