കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. സമരാഗ്നി യാത്ര തന്നെ അറിയിച്ചില്ലെന്നും ക്ഷണിച്ചില്ലെന്നും അദേഹം പറഞ്ഞു. ‘സമരാഗ്നി യാത്രയിലേക്ക് ക്ഷണിക്കാനുള്ള മര്യാദ കെപിസിസി അധ്യക്ഷൻ കാണിച്ചില്ല, കോൺഗ്രസിൽ ശുദ്ധീകരണം നടന്ന ശേഷം മാത്രമേ കെപിസിസി ഓഫിസിൽ കയറൂവെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് കാരണമില്ലാതെയാണ്. തന്നെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് ബോധ്യപ്പെടുത്താൻ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. താൻ ഒരുതെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സമ്മതിക്കാൻ ഒരുമടിയുമില്ല. അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയ ശേഷം തിരുവനന്തപുരത്ത് വന്നിട്ടില്ലെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.
എന്തിനു വേണ്ടിയാണ് തന്നെ മാറ്റിയതെന്ന് അറിയില്ല. ആ നൊമ്പരം ഇപ്പോഴും അവശേഷിക്കുന്നുണ്ട്.പാർട്ടിയെ പ്രാണനെപ്പോലെയാണ് സ്നേഹിക്കുന്നത്. താനൊരു യഥാർത്ഥ കോൺഗ്രസുകാരനാണ്. പദവി വേണമെന്നില്ല, അവസരം മതി. അവസരങ്ങൾ തന്നെ തേടി എത്താറുണ്ട്. ഒരു ക്രഡിറ്റും അവകാശപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ രാജിക്കത്ത് അഖിലേന്ത്യാ കോൺഗ്രസിൽ ഏൽപ്പിച്ചുകൊണ്ട് പടി ഇറങ്ങി പോകേണ്ടതായിരുന്നു. പക്ഷെ പോകാതിരുന്നത് പാർട്ടിയെ സ്നേഹിക്കുന്ന പ്രവർത്തകനായതുകൊണ്ടാണ്. അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റി എന്ന കാര്യം ഇപ്പോഴും തനിക്ക് ബോധ്യപ്പെട്ടിട്ടില്ല, അതുകൊണ്ട് തന്നെ ‘നൊമ്പരം’ ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
താൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല, പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളുണ്ട്. പരിമിതമായ കഴിവുകൾ വെച്ചുകൊണ്ട് സത്യസന്ധവും ആത്മാർത്ഥവുമായി താൻ നിർവഹിച്ചിട്ടുണ്ട്. നാളെയും ഏൽപ്പിക്കുന്ന പ്രധാനപ്പെട്ട ഏത് ചുമതലയും നിർവഹിക്കാൻ തയ്യാറാണ്. പക്ഷേ ഇപ്പോൾ ഒരു ചുമതലയും ഏറ്റെടുക്കാൻ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ബിജെപിക്ക് ഇത്തവണ അക്കൗണ്ട് തുറക്കാനാകില്ല.സത്യത്തിൽ ബിജെപി അല്ല കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത്, രാഷ്ട്രീയ സ്വയംസേവക സംഘമാണ്.
ഏറ്റവുമധികം ശാഖകളുള്ളത് നമ്മുടെ കേരളത്തിലാണെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ സാധിക്കുമോ?, നിസ്സാരമല്ല അതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഹുൽ ഗാന്ധി ഇന്ത്യയിലെ ജനപ്രിയനായ നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. വളരേ സജീവമായി ഒത്തിരി കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാൻ സാധിക്കുമെന്നും കൂട്ടിച്ചേർത്തു.