Kerala

എല്ലാ ജയരാജന്മാരും വിജയനെതിരാണ്, താനും മരുമോനും മതിയെന്നാണ് പിണറായി കരുതുന്നത്: മുല്ലപ്പള്ളി

തുടർഭരണം എൽഡിഎഫിന്‍റെ വ്യാമോഹമാണെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തിരിച്ചടി ഭയന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ വിശ്വാസികള്‍ക്ക് അനുകൂലമായി സംസാരിക്കുന്നത്. വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണ് പിണറായിയുടെ ഭാഷ. ഭാര്യയെ ജ്യോതിഷികളുടെ അടുത്തേക്കയച്ച് ഭാവിയെ കുറിച്ച് അന്വേഷിക്കുന്ന ആളാണ് പിണറായിയെന്നും മുല്ലപ്പള്ളി.

പാർട്ടിയിൽ വെട്ടിനിരത്തൽ നടത്തുകയാണ് മുഖ്യമന്ത്രി. എല്ലാ ജയരാജന്‍മാരും പിണറായിക്കെതിരാണ്. താനും മരുമോനും മതിയെന്നാണ് പിണറായി കരുതുന്നത്. പൊട്ടിത്തെറിയുടെ വക്കിലാണ് സിപിഎമ്മെന്നും മുല്ലപ്പള്ളി വിമർശിച്ചു.

തുടര്‍ഭരണം ഉണ്ടാകില്ല. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ സംസ്ഥാനത്ത് സിപിഎമ്മിന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. വിഭാഗീയത അതിന്‍റെ ഉച്ചകോടിയില്‍ എത്തിയിരിക്കുകയാണ്. പിണറായി വിജയന്‍ എന്ന സര്‍വാധിപതിയെ ചോദ്യം ചെയ്തുകൊണ്ട് നേതാക്കള്‍ പരസ്യമായി പ്രതികരണവുമായി രംഗത്തുവരുന്നുണ്ട്. പലരും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇടുന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്- മുല്ലപ്പള്ളി പറയുന്നു.

കോണ്‍ഗ്രസ്സും ഐക്യജനാധിപത്യമുന്നണിയും അത്യുജ്ജല വിജയം ഈ തെരഞ്ഞെടുപ്പില്‍ കാഴ്ചവെക്കും. എല്ലാ ജയരാജന്മാരും വിജയനെതിരാണ്. അവരെല്ലാം വളരെ ദുഃഖിതരാണ്. പൊട്ടിത്തെറിയുടെ വക്കിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. അവരുടെ ദുഃഖവും പ്രതിഷേധവും ഞങ്ങള്‍ക്ക് അനുകൂലമായി മാറും. പിണറായി വിജയന്‍ എല്ലാവരേയും വെട്ടിനിരത്തിയിരിക്കുന്നു. അവസാനം ആരാണ് അദ്ദേഹത്തിന് കൂട്ടുകാരായിട്ടുള്ളത്. ഇപ്പോള്‍, ഞാനും എന്‍റെ മകളുടെ ഭര്‍ത്താവും മതി, വേറെ ആരും വേണ്ട കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്നാണ് അദ്ദേഹം പറയുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.