തെരഞ്ഞെടുപ്പ് സർവേകൾക്കെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. മാധ്യമങ്ങളെ സ്വാധീനിച്ച് ജനവിധി അനുകൂലമാക്കാൻ ശ്രമിക്കുകയാണ്. നരേന്ദ്ര മോദി സ്വീകരിച്ച ശൈലി പിണറായി അനുകരിക്കുന്നു. ഇതിന് ചെലവഴിച്ചത് 800 കോടി രൂപയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.
സർവേ നടത്തുന്ന ഏജൻസികൾക്ക് സ്ഥാപിത താൽപര്യമുണ്ട്. യുഡിഎഫിന് അനുകൂലമായി സർവേ നടത്തിത്തരാം എന്ന് പറഞ്ഞ് ചിലർ കെപിസിസി ഓഫീസിലെത്തിയിരുന്നു. പണം നൽകുന്ന ആളുകൾക്ക് അനുകൂലമായാണ് സർവേ. ഗീബൽസ് തന്ത്രമാണ് ഏജൻസികളിലൂടെ പയറ്റുന്നത്. സിപിഎമ്മും ബിജെപിയും പണം ഒഴുക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ശബരിമല വിഷയത്തില്‍ സിപിഎം ആശയക്കുഴപ്പത്തിലാണ്. കോൺഗ്രസ് ശാന്തമായ കടലാണ്. ഇപ്പോൾ പ്രശ്നങ്ങളില്ല. എലത്തൂർ സീറ്റ് തർക്കം ഉടൻ പരിഹരിക്കും. ചർച്ച തുടരുകയാണ്. എൻസികെക്ക് സീറ്റ് നൽകുന്നതിൽ തനിക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. ഇരിക്കൂറിലെ അഭിപ്രായ വ്യത്യാസങ്ങൾ തീർന്നു. 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു.
സര്‍വേ കൊണ്ട് യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട: ചെന്നിത്തല
നേരത്തെ രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പ് സര്‍വേകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ സര്‍വേ യുഡിഎഫിനൊപ്പമാണ്. ഇപ്പോള്‍ പുറത്തുവരുന്ന സര്‍വേ കൊണ്ട് യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 12 മുതല്‍ 15 സീറ്റ് വരെ ലഭിക്കുമെന്നാണ് സര്‍വേകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ലഭിച്ചത് ഒരേയൊരു സീറ്റാണ്. തിരുവനന്തപുരത്ത് കുമ്മനം ജയിക്കുമെന്നും ശശി തരൂര്‍ തോല്‍ക്കുമെന്നായിരുന്നു മറ്റൊരു സര്‍വേ ഫലം. ശശി തരൂര്‍ ജയിക്കുന്നതാണ് നമ്മള്‍ കണ്ടത്. പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുമെന്ന് പറഞ്ഞപ്പോള്‍ ജയിച്ചത് എല്‍ഡിഎഫാണ്- ചെന്നിത്തല പറഞ്ഞു.
പ്രത്യക്ഷത്തില്‍ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന ഹീനതന്ത്രങ്ങളാണ് മാധ്യമങ്ങള്‍ യുഡിഎഫിന് മേല്‍ പ്രയോഗിക്കുന്നത്. നരേന്ദ്ര മോദി ഡല്‍ഹിയില്‍ ചെയ്യുന്നത് പോലെയാണ് ഇവിടെ മാധ്യമങ്ങളെ വിരട്ടിയും പരസ്യങ്ങള്‍ കൊടുത്തും വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. മാധ്യമങ്ങള്‍ ഏകപക്ഷീയമായാണ് പെരുമാറുന്നത്. പ്രതിപക്ഷത്തിന് ന്യായമായി ലഭിക്കേണ്ട സ്‌പേസ് പോലും തരാതെ ഭരണകക്ഷിക്ക് വേണ്ടി കുഴലൂത്ത് നടത്തുകയാണ് മാധ്യമങ്ങളെന്നും ചെന്നിത്തല പറഞ്ഞു.
ഇവിടെ മൂന്ന് സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഒരു കമ്പനിയാണ് സര്‍വേ നടത്തിയത്. ആഴ്ചയിലാണ് ഇപ്പോള്‍ സര്‍വേകള്‍ നടക്കുന്നത്. കേരളത്തിലെ വോട്ടര്‍മാരില്‍ ഒരു ശതമാനം പോലും പങ്കെടുക്കാത്ത സര്‍വേകളാണ് നടക്കുന്നത്. ജനങ്ങളുടെ ബോധ്യത്തെയും ചിന്താശക്തിയെയും അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. അഴിമതിയില്‍ മുങ്ങികുളിച്ച സര്‍ക്കാരിനെ വെളളപൂശാന്‍ വേണ്ടി മാധ്യമങ്ങള്‍ക്ക് 200 കോടിയുടെ പരസ്യമാണ് അവസാന കാലഘട്ടത്തില്‍ സര്‍ക്കാര്‍ നല്‍കിയത്. ഇതിന്റെ ഉപകാര സ്മരണയാണ് ഈ സര്‍വേകളെന്നും ചെന്നിത്തല പറഞ്ഞു.