Kerala

മരം മുറിയിലേക്ക് നയിച്ചത് ജലവിഭവ വകുപ്പ്, വിളിച്ചത് മൂന്ന് യോഗങ്ങൾ: ബെന്നിച്ചൻ തോമസ്

മുല്ലപ്പെരിയാറിലെ മരം മുറിക്കൽ അനുമതിക്ക് ജലവിഭവ വകുപ്പ് നടത്തിയ നീക്കങ്ങൾ എണ്ണിപ്പറഞ്ഞ് ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്. സർക്കാരിന് നൽകിയ വിശദീകരണത്തിലാണ് വെളിപ്പെടുത്തൽ . ബേബി ഡാമിനോട് ചേർന്നുള്ള മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട് ജലവിഭവ സെക്രട്ടറി ടി.കെ.ജോസ് 3 തവണ യോഗം വിളിച്ചിരുന്നതായി ബെന്നിച്ചൻ ചൂണ്ടിക്കാട്ടുന്നു. ഇതോടെ മന്ത്രി റോഷി അഗസ്റ്റിന്റെ വാദങ്ങൾ ദുർബലമാവുകയാണ്.

ആദ്യത്തെ യോഗം സെപ്റ്റംബർ 15ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ നടന്നു. ശേഷം സെപ്റ്റംബർ 17ന് കേരള–തമിഴ്നാട് സർക്കാർ ഉദ്യോഗസ്ഥരുടെ വിഡിയോ കോൺഫറൻസ് നടന്നു. ഈ യോഗത്തിൽ മരംമുറിക്കാൻ അനുമതി കൊടുക്കാമെന്ന ധാരണാ രൂപം കൊണ്ടുവന്നു. പിന്നീട് ഒക്ടോബർ 26ന് ടി.കെ.ജോസ് തന്നെ ഫോണിൽ വിളിച്ച് തമിഴ്നാട് മരം മുറിക്കുന്നതിൽ സമ്മർദം ചെലുത്തുന്ന കാര്യം അറിയിച്ചു. കൂടാതെ നിയമപരമായി ഇക്കാര്യം അനുവദിക്കാമോ എന്ന് അഭ്യർഥിച്ചു. പിന്നീട് നവംബർ ഒന്നാം തീയതി ടി.കെ.ജോസിന്റെ ചേംബറിൽ വച്ച് ഇക്കാര്യം ചർച്ച ചെയ്തു. സുപ്രിംകോടതിയിൽ വരുന്ന കേസിന്റെ വാദത്തിന് ഇത് അനിവാര്യമാണെന്നും നിലപാടെടുത്തു. നവംബർ 11ന് ആയിരുന്നു കേസ് പരിഗണനയ്ക്കു വരുന്നത്. സംസ്ഥാന സർക്കാരും കത്തുകളിലൂടെ മരം മുറിക്കാനുള്ള നൽകിയെന്നും വിശദീകരണ കത്തിൽ പറയുന്നു. സസ്പെൻഷനു മുൻപാണ് ബെന്നിച്ചൻ തോമസിന്റെ വിശദീകരണം സർക്കാർ തേടിയത്.

മുല്ലപ്പെരിയാർ മരംമുറിയുമായി ബന്ധപ്പെട്ട് നവംബർ ഒന്നിന് യോഗം ചേർന്നില്ലെന്നാണ് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. സെപ്റ്റംബർ 17ന് യോഗം ചേരുന്നതിനെ കുറിച്ച് പറഞ്ഞിട്ടില്ല. സെപ്റ്റംബർ 17ലെ യോഗത്തിന്റെ മിനുട്‌സ് കണ്ടിട്ടില്ല. അനുമതി നൽകിയ ഉത്തരവിൽ ഇറിഗേഷൻ വകുപ്പിന്റെ പേരില്ല. യോഗം ചേരുന്നതിന് പ്രശ്നമില്ല, തീരുമാനം എടുത്തത്തിലാണ് പ്രശ്‌നം. ഇതിൽ മരംമുറി തീരുമാനിച്ചോയെന്ന് അറിയില്ല. ഇക്കാര്യം അന്വേഷിക്കാം. ജലവിഭവ സെക്രട്ടറിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. ചീഫ് സെക്രട്ടറിയുടെ അന്വേഷണറിപ്പോർട്ട് വരട്ടെയെന്നുമാണ് വിവാദങ്ങൾക്ക് മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകിയിരുന്നത്.