മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. എയ്ഡഡ് സ്കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയത് ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗാണെന്ന് ഗതാഗതമന്ത്രിയും നിയമസഭയെ രേഖാമൂലം അറിയിച്ചു. മുല്ലപ്പെറിയാറില്‍ പുതിയ ഡാമിനായി തമിഴ്നാടുമായി ധാരണയിലെത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദിസംയോജനപദ്ധതിയോടുള്ള ശക്തമായ എതിര്‍പ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. പദ്ധതി വലിയ പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കും. എയ്ഡഡ് സ്കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടാന്‍ ആലോചിക്കുന്നുണ്ടോയെന്ന് എം.സ്വരാജാണ് ചോദ്യം ഉന്നയിച്ചത്. ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് മറുപടി നല്കിയ മുഖ്യമന്ത്രി നിയമനങ്ങളില്‍ സാമൂഹികനീതി ഉറപ്പുവരുത്തണമെന്നാണ് അഭിപ്രായമെന്നും വ്യക്തമാക്കി.
മോട്ടോര്‍വാഹന ഭേദഗതി നിയമം നിലവില്‍ വന്നശേഷം ഒരാഴ്ചക്കിടെ മാത്രം ആറ് കോടി 66 ലക്ഷം രൂപ പിഴ ഈടാക്കിയതായി ഗതാഗതമന്ത്രി അറിയിച്ചു. അനധികൃതമായി റേഷന്‍ സാധനങ്ങല്‍ വാങ്ങിയവരില്‍ നിന്ന് 70.43 ലക്ഷം രൂപ പിഴ ഈടാക്കിയതായി ഭക്ഷ്യമന്ത്രിയും നിയമസഭയെ രേഖാമൂലം അറിയിച്ചു