Kerala

ജലനിരപ്പില്‍ കുറവില്ല; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ അടച്ചു. രാവിലെ മുതല്‍ ഒന്‍പത് ഷട്ടറുകള്‍ തുറന്നുവിട്ടിട്ടും ഡാമിലെ ജലനിരപ്പില്‍ കുറവുവന്നിട്ടില്ല. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമായി തുടരുകയാണ്. വൈകുന്നേരത്തോടെ മഴ ശക്തമായാല്‍ വീണ്ടും അടച്ച ഷട്ടറുകള്‍ തുറന്നേക്കും. 2300 ഘനയടി വെള്ളമാണ് തമിഴ്‌നാട് നിലവില്‍ അണക്കെട്ടില്‍ നിന്ന് കൊണ്ടുപോകുന്നത്. നിലവില്‍ ഏഴ് ഷട്ടറുകളിലൂടെയാണ് ജലം പുറത്തേക്ക് ഒഴുക്കിവിടുന്നത്. 30 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടി പിന്നിട്ടതോടെയാണ് ഒന്‍പത് സ്പില്‍വേ ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കിത്തുടങ്ങിയത്. 5 ഷട്ടറുകള്‍ 60 സെന്റീമീറ്ററും, 4 ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ നല്‍കിയിരുന്ന മഴ മുന്നറിയിപ്പുകള്‍ ഈ സാഹചര്യത്തില്‍ പിന്‍വലിച്ചു. ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.