Kerala

വാഹന പണിമുടക്ക് തുടങ്ങി; കെ.എസ്.ആർ.ടി.സി ബസ്സുകളും ഓടില്ല

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി. ബി.എം.എസ് ഒഴികെ എല്ലാ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. പണിമുടക്കിനെ തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റി വെച്ചിട്ടുണ്ട്.

പാൽ, പത്രം, വിവാഹം, ആംബുലൻസ്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾ എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍, കെഎസ്ആർടിസി, ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങൾ, ചരക്കു കടത്തൽ വാഹനങ്ങൾ എന്നിവ നിരത്തിലിറങ്ങില്ല.

വാഹന പണിമുടക്കിന് കേരളത്തിലെ വ്യാപാരികളുടെ ധാർമ്മിക പിന്തുണ ഉണ്ടാകുമെന്നും എന്നാൽ വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി മോഡൽ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി മോഡൽ പരീക്ഷ ഈ മാസം എട്ടാം തീയതിയിലേക്കാണ് മാറ്റിയത്. എംജി, കണ്ണൂർ സർവകലാശാല പരീക്ഷകളും മാറ്റി. കെടിയും കാലടി സംസ്‌കൃത സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. എം.എ മ്യൂസിയോളജി പ്രവേശന പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും.