സംസ്ഥാനത്ത് ഇന്ധന വിലവർധനവിനെതിരായ വാഹന പണിമുടക്ക് പുരോഗമിക്കുന്നു. സ്വകാര്യ ബസുകൾ പൂർണമായും നിരത്തിലിറങ്ങിയില്ല. കെഎസ്ആർടിസിയും ഭാഗികമായാണ് പല ജില്ലകളിലും സർവീസ് നടത്തിയത്.
തലസ്ഥാനത്ത് ഭൂരിഭാഗം കെഎസ്ആർടിസി ബസുകളും ഓട്ടോറിക്ഷകളും സര്‍വീസ് നടത്തുന്നുണ്ട്. പക്ഷേ സ്വകാര്യബസുകളൊന്നും നിരത്തിലിറങ്ങിയില്ല. പൊതുവെ യാത്രക്കാര്‍ കുറവായതിനാല്‍ മിക്ക ബസുകളും വൈകിയാണ് സര്‍വീസ് നടത്തുന്നത്.അതേ സമയം എറണാകുളത്ത് വളരെ കുറച്ച് കെഎസ്ആർടിസിബസുകൾ മാത്രമെ സര്‍വീസ് നടത്തുന്നുള്ളൂ. മറ്റു സ്ഥലങ്ങളില്‍ നിന്നെത്തിയ നിരവധി യാത്രക്കാർ വഴിയിൽ കുടുങ്ങി.
എറണകുളത്ത് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ തലമുണ്ഡനം ചെയ്ത് പിച്ചച്ചട്ടി എടുത്ത് പ്രതിഷേധിച്ചു. പനമ്പള്ളി നഗറിലെ ഐ ഒ സി ഓഫീസിനു മുൻപിലായിരുന്നു പ്രതിഷേധം.
കോഴിക്കോട് മുതലക്കുളത്തെ ആദായ നികുതി ഓഫീസിലേക്ക് സംയുക്ത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തി. ജില്ലയില്‍ അപൂർവമായി മാത്രമാണ് ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങിയത്. പത്തനംതിട്ടയിലും വയനാട്ടിലും വാഹന പണിമുടക്ക് പൂർണമായിരുന്നു. പത്തനംതിട്ടയില്‍ ഏഴ് ബസുകൾ മാത്രമാണ് സര്‍വീസ് നടത്തിയത്. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ 30 ശതമാനത്തിന് താഴെയായിരുന്നു ഹാജര്‍നില. തൃശ്ശൂരിൽ സ്വകാര്യ വാഹനങ്ങൾക്ക് പുറമെ ഓട്ടോറിക്ഷകളും സർവ്വീസ് നടത്തുന്നുണ്ട്. കൊല്ലത്തും പണിമുടക്ക് പൂർണമായിരുന്നു.