സ്വർണ കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം രണ്ടിടത്ത് ശിവശങ്കറിന്‍റെ സാന്നിധ്യമുണ്ടെന്നും ഇതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത്
തിങ്കളാഴ്ച ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന നിർദേശം നൽകിയിരിക്കെ എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്‍കി എന്‍.ഐ.എ. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പമുള്ള ശിവശങ്കറിന്‍റെ സാന്നിധ്യം വ്യക്തമാക്കുന്ന നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മുൻകൂർ ജാമ്യാപേക്ഷക്കായുള്ള നീക്കം ശിവശങ്കര്‍ ഊര്‍ജ്ജിതമാക്കി.
സ്വർണ കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം രണ്ടിടത്ത് ശിവശങ്കറിന്‍റെ സാന്നിധ്യമുണ്ടെന്നും ഇതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത്. തിങ്കളാഴ്ച കൊച്ചിയില്‍ നടക്കുന്ന ചോദ്യം ചെയ്യലില്‍ എം. ശിവശങ്കര്‍ പറയുന്ന കാര്യങ്ങള്‍ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യും. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യല്‍ നടക്കുക. സെക്രട്ടറിയേറ്റിലെ സി സി ടി വി യിൽ നിന്ന് ശേഖരിയ്ക്കുന്ന ജൂലൈ ഒന്ന് മുതൽ 12 വരെയുള്ള ദൃശ്യങ്ങളും ചോദ്യം ചെയ്യലിൽ നിർണ്ണായകമാകും ഇതിനിടെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന കെ.ടി റമീസിനെ പ്രതി ചേര്‍ക്കാന്‍ എന്‍.ഐ.എ തീരുമാനിച്ചിട്ടുണ്ട്. റമീസ് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് എന്‍.ഐ.എയുടെ വിലയിരുത്തല്‍
റമീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സന്ദീപ് നായരാണ് എന്‍.ഐ.എയ്ക്ക് നല്‍കിയത്. താന്‍ വഴിയാണ് സരിത്തിനേയും സ്വപ്‌നയേയും റമീസ് പരിചയപ്പെട്ടതെന്ന് സന്ദീപ് മൊഴി നല്‍കിയിട്ടുണ്ട്. ഗൂഡാലോചന നടത്തുന്ന ദൃശ്യങ്ങളിൽ നിന്ന് പത്തിലധികം തവണ പ്രതികൾ ഒത്തുകൂടിയെന്നാണ് എൻ.ഐ.എ കണ്ടെത്തൽ. സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ കൂടുതൽ പേരുകൾ സന്ദീപും സ്വപ്നയും പറഞ്ഞതായാണ് വിവരം.
സംസ്ഥാനത്തിന് പുറത്തേക്ക് സ്വർണ്ണം കടത്തിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും എൻ.ഐ.എ തീരുമാനിച്ചിട്ടുണ്ട്. സ്വർണ കള്ളക്കടത്ത് കേസിലെ ഗൂഢാലോചനയിൽ എം. ശിവശങ്കറിന് പങ്കുണ്ടോയെന്ന കാര്യത്തിൽ എൻ.ഐ.എ അന്തിമ വൃക്തത വരുത്തുക സെക്രട്ടറിയേറ്റിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്നാകും. പ്രതികളിൽ ആരെങ്കിലും സെക്രട്ടറിയേറ്റിൽ എത്തിയിട്ടുണ്ടെന്ന് എൻ.ഐ.എ കണ്ടെത്തിയാൽ അത് കേസിൽ വലിയ വഴിത്തിരിവ് ഉണ്ടാക്കും.