മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട്. സാമ്പത്തിക തട്ടിപ്പിലെ പരാതിക്കാർക്ക് ഇ ഡി നോട്ടിസ് അയച്ചു. രേഖകളുമായി മൊഴി നൽകാൻ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്കാരനായ യാക്കൂബിന് നോട്ടിസ് നൽകി. ഇഡിയുടെ ഇടപെടലിന് പിറകിൽ നിക്ഷിപ്ത താൽപ്പര്യമെന്ന് സർക്കാർ ഹൈക്കോടതിയിൽ കുറ്റപ്പെടുത്തിയിരുന്നു. ഇഡിയുടെ കത്തിന് ക്രൈം ബ്രാഞ്ച് മറുപടി നൽകിയിട്ടില്ല. മാത്രമല്ല മോൻസൻ കേസിലെ അന്വേഷണ വിവരങ്ങളും കൈമാറിയിട്ടില്ല.
ഇതിനിടെ മോൻസൻ മാവുങ്കല്‍ കേസിലെ ഹൈക്കോടതി ഇടപെടൽ പരിധിവിടുന്നുവെന്ന വിമർശനവുമായി സർക്കാർ രംഗത്തെത്തിയിരുന്നു . ഹർജിയ്ക്ക് അപ്പുറമുള്ള കാര്യങ്ങളിൽ കോടതി ഇടപെടുന്നത് അന്വേഷണത്തെ ബാധിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ആർക്കും പരാതിയില്ലെന്നും മുൻ ഡ്രൈവർ ഇ വി അജിത് നൽകിയ ഹർജി അവസാനിപ്പിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. മോൻസൻ കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം സംഭവിച്ച വീഴ്ച അക്കമിട്ട് ഹൈക്കോടതി നടത്തിയ വിമർശനത്തിന് പിറകെയാണ് സർക്കാർ കോടതിയുടെ ഇടപെടലിൽ അതൃപ്തി പ്രകടിപ്പിച്ചത്.
ഹർജിക്കാരൻ ഉന്നയിക്കാത്ത വിഷയങ്ങളിലേക്ക് കോടതി ഇടപെടൽ നടത്തുകയാണെന്നും ഇത് കേസ് അന്വഷണത്തെ കാര്യമായി ബാധിക്കുന്നുവെന്നുമാണ് വിമർശനം.