Kerala

മോന്‍സന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ ഏറിയ പങ്കും വ്യാജം; വിശദമായി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്

മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ ഏറിയ പങ്കും വ്യാജമെന്ന് കണ്ടെത്തല്‍. പുരാവസ്തു വകുപ്പ് ആദ്യദിവസം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കേസില്‍ ക്രൈംബ്രാഞ്ചിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. monson mavunkal

മോന്‍സണ്‍ പുരാവസ്തുക്കള്‍ വിദേശത്ത് വില്‍പ്പന നടത്തിയിട്ടുണ്ടോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മോന്‍സന്റെ സഹായികളുടെ അക്കൗണ്ടില്‍ അഞ്ചുകോടി എത്തിയതിന്റെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു.

കലൂര്‍ എച്ച് എസ് ബിസി ബാങ്കില്‍ നടന്ന വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അതിലെ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തലുമാണ് ക്രൈംബ്രാഞ്ചിന്റെ ആദ്യ പരിഗണനയിലുള്ളത്. മോന്‍സന്റെ വീട്ടിലുള്ള കരകൗശല വസ്തുക്കള്‍ വിദേശത്ത് ആരെയെങ്കിലും കബളിപ്പിച്ച് വില്‍പന നടത്തിയോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

വിദേശ ഇടപാടുകളില്ലാതെ കള്ളപ്പണ ഇടപാട് നടന്നെന്ന ആരോപണം ഉയരില്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. നിലവില്‍ ഇതുസംബന്ധിച്ച് ക്രൈബ്രാഞ്ചിന് നേരിട്ട് പരാതികള്‍ ലഭിച്ചിട്ടില്ല. മോന്‍സന്റെ സഹായിയുടെ കൈവശം രണ്ട് കോടി എത്തിയെന്നും സുഹൃത്തായ മറ്റൊരാളുടെ കൈവശം മൂന്നുകോടിയും എത്തിയെന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ മോന്‍സണ്‍ അഞ്ചുകോടിയുടെ ഇടപാട് നടത്തിയെന്നാണ് നിലവില്‍ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.