Kerala

മോഫിയയുടെ സഹപാഠികളായ വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ സഹപാഠികളായ വിദ്യാർത്ഥികൾ കസ്റ്റഡിയിൽ. പതിനേഴ് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ് പി ഓഫിസിന് മുന്നിൽ കുത്തിയിരുന്നതിനെ തുടർന്നാണ് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിദ്യാർത്ഥികളെ സ്റ്റേഷനിലേക്ക് മാറ്റി. ( mofiya friends under police custody )

അതേസമയം, മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവ എസ്പി ഓഫിസിലേക്കുള്ള കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. എസ്പി ഓഫിസിന് സമീപം മാർച്ച് തടഞ്ഞു. പൊലീസിന് നേരെ കല്ലേറും നടന്നു. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകരുടെ ശ്രമത്തിനിടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് സംഭവത്തിൽ പരുക്കേറ്റു. ആലുവ സി.ഐ സി.എൽ.സുധീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്.

അതിനിടെ, മോഫിയയുടെ ആത്മഹത്യയിൽ സി.ഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി രംഗത്തെത്തി. സ്വയം കേസെടുക്കുന്നതും പരിഗണനയിലെന്ന് പി.സതീദേവി പറഞ്ഞു. മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ സിഐ സുധീറിനെതിരെ കൂടുതൽ നടപടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.