Kerala

ഡെലിവറി മാനായി എംഎൽഎ; ദമ്പതികളെ ഞെട്ടിച്ച് ഐബി സതീഷ്

അപ്രതീക്ഷിത ഡെലിവറി മാനെ കണ്ട് ഞാട്ടി തിരുവനന്തപുരത്തെ ഒരു ദമ്പതികൾ. ഓൺലൈൻ വഴി ഓർഡർ ചെയ്ത ഉച്ചയൂണിനായി കാത്തിരിക്കുകയായിരുന്നു ജഗതിയിൽ താമസിക്കുന്ന അജിത് കുമാറും ഭാര്യയും. പറഞ്ഞ സമയത്ത് തന്നെ ഭക്ഷണം എത്തി. വാതിൽ തുറന്നതും ഭക്ഷണവുമായി എംഎൽഎ ഐബി സതീഷ്. എംഎൽഎ കണ്ടതും ദമ്പതികൾക്ക് ആശ്ചര്യമായി.

കാട്ടാൽ ഇൻഡസ്ട്രിയൽ കൗൺസിലിന്റെ പുതിയ സംരംഭമാണ് ഉച്ചയൂണ് വീടുകളിലെത്തിക്കുന്നത്. ഉദ്യോഗസ്ഥ ദമ്പതികളും വിദ്യാർത്ഥികളും അടങ്ങുന്നവർക്ക് രാവിലെ തന്നെ ഇവർ ഉച്ചയൂണൊരുക്കി നൽകും. സംരംഭത്തിൻ്റെ പ്രചരണാർത്ഥമാണ് ഉച്ചയൂണുമായി എംഎൽഎ എത്തിയത്. ഐബി സതീഷ് തന്നെയാണ് ഇക്കാര്യം തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചത്. ഇത്തരം ആശയങ്ങൾ ചെറിയ സംരഭങ്ങൾക്ക് വലിയ സംഭാവനകൾ നൽകാൻ കഴിയും എന്നതിൻ്റെ തെളിവാണെന്നും അദ്ദേഹം എഫ്ബിയിൽ കുറിച്ചു.

പോസ്റ്റിൻ്റെ പൂർണരൂപം;

ഡെലിവറി മാനായി കുറച്ചുനേരം……. ജഗതി ഡി.പി ഐ ലെ ഉള്ളൂർ നഗറിൽ അൽ സാഹസൽ ക്രസ്റ്റയിലെ C 5 യിലെ ശ്രീ അജിത് കുമാറിനെയും ഭാര്യയെയും ഞെട്ടിച്ചു കൊണ്ടാണ് കയറി ചെന്നത്…. കാട്ടാൽ ഇൻഡസ്ട്രിയൽ കൗൺസിലിന്റെ പുതിയ സംരംഭമാണ് ഉച്ചയൂണ് വീടുകളിലെത്തിക്കുന്നത്……. തിരക്കേറിയ ജീവിതത്തിനിടയിൽ പ്രത്യേകിച്ച് ഉദ്യോഗസ്ഥ ദമ്പതികളും വിദ്യാർത്ഥികളുമടങ്ങുന്ന നഗര ജീവിതത്തിൽ രാവിലെ തന്നെയുള്ള ഉച്ചയൂണൊരുക്കം….. ഒരു കീറാമുട്ടിയാണ്….. ഹോട്ടലുകളിലെ സ്ഥിര ഭക്ഷണത്തിന്റെ വിവിധ പ്രശ്നങ്ങൾ……. പാചക വാതക സിലിണ്ടർ വില എവിടെയെത്തു മെന്നാർക്കുമില്ല നിശ്ചയം….
കാട്ടാൽ ഇൻഡസ്ടിയൽ കൗൺസിൽ മുന്നോട്ട് വക്കുന്ന ആശയം തന്നെ ചെറിയ സംരഭങ്ങൾക്ക് വലിയ സംഭാവനകൾ നൽകാനാകുമെന്നാണ്.

ഒരു ഫോൺ കോളിലെത്തും അമ്മമണമുള്ള പൊതിച്ചോർ, നാട്ടുരുചികൾ മണക്കുന്ന ഉച്ചയൂണു കഴിക്കണോ?

മാമ്പഴപ്പുളിശേരിയും നാട്ടു വിഭവങ്ങൾ കൊണ്ടൊരുക്കിയ അവിയലും തോരനും സാമ്പാറും ചമ്മന്തിയുമൊക്കെ ചേർത്ത്‌ ഊണ് രാവിലെ തന്നെ വീട്ടുപടിക്കലെത്തും. 8078064870 ലേക്ക്‌ ഒറ്റ ഫോൺ കോൾ മതി. ആവിപറക്കുന്ന പൊതിച്ചോറ് അതി രാവിലെ വീട്ടുമുറ്റത്ത് എത്തിക്കും. ജൈവ ഉൽപ്പന്നങ്ങൾ മാത്രമാണ്‌ പാചകത്തിന്‌ ഉപയോഗിക്കുന്നത്‌. കൂടാതെ കൃത്രിമ നിറങ്ങളോ മായം ചേർന്ന പാചക എണ്ണയോ മറ്റു വസ്‌തുക്കളോ ഉപയോഗിക്കുന്നില്ല.

രാവിലെ 7 മണി മുതൽ 9 മണിവരെയുള്ള സമയങ്ങളിൽ വീടുകളിലും ഫ്ലാറ്റുകളിലും പൊതിച്ചോറുകൾ എത്തും. മാറനല്ലൂരിലെ വീട്ടമ്മമാരുടെ കൂട്ടായ്മ മയൂരം കാറ്ററിംഗ് യൂണിറ്റ് ആണ്‌ തയ്യാറാക്കുന്നത്‌..

SYIndia യാണ്‌ പൊതിച്ചോർ വിതരണം നടത്തുക. 60 രൂപയാണ് വില. ആദ്യഘട്ടമായി നേരിട്ട് തന്നെ 20 പേർക്ക് തൊഴിൽ നൽകുവാനും വനിതകൾ ഉൾപ്പടെ നിരവധി പേർക്ക്‌ ഉപജീവനം നടത്താനും കഴിയും വിധമാണ്‌ ഉച്ചയൂണ്‌ പദ്ധതി ….. തൊഴിലു വരുമാനവുമൊപ്പം വീട്ടു രുചിയോടെ ഉച്ചയൂണും ……