മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ. തന്നെ സ്വവർഗ്ഗരതി ആസ്വദിക്കുന്ന ഒരാളായി മാധ്യമങ്ങൾ ചിത്രീകരിച്ചു. ഇതിൽ ശക്തമായ അമർഷം രേഖപ്പെടുത്തുന്നു. പറഞ്ഞതിന് വിപരീതമാണ് വാർത്തയായി നൽകുന്നത്. വിപരീത അർത്ഥത്തിൽ എടുക്കുന്നത് ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും എം.കെ മുനീർ കോഴിക്കോട് പറഞ്ഞു.
മാധ്യമങ്ങൾ ഉയർത്തുന്ന ആശയം മറ്റുള്ളവരുടെ തലയിൽ അടിച്ചേൽപ്പിക്കരുത്. താൻ മന്ത്രി ആയിരിക്കെയാണ് പോക്സോ നിയമം നടപ്പാക്കാൻ മുൻ കൈ എടുത്തത്. ചൈൽഡ് റൈറ്റ്സ് കമ്മീഷൻ ആദ്യമായി നടപ്പാക്കിയതും അന്നാണെന്ന് മുനീർ പറഞ്ഞു. ഇതെല്ലാം അറിയുന്ന താൻ എന്തിനാണ് പോക്സോ എന്ന് ചോദിക്കുമോ? ട്രോളുകളിൽ തന്നെ സ്വവർഗരതിക്കാരനായി ചിത്രീകരിക്കുന്നു. ഇത് തന്റെ സ്വത്വത്തെ പോലും ബാധിക്കുന്നതായും മുനീർ കൂട്ടിച്ചേർത്തു.
മുസ്ലിം ആയതുകൊണ്ടല്ല, മറിച്ച് ധാർമികതയുടെ വശത്തു നിന്നാണ് സംസാരിക്കുന്നത്. സംസ്ഥാനത്ത് പോക്‌സോ കേസുകൾ വർധിക്കുന്നു. എന്നാൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലിംഗ സമത്വം എന്ന വാക്ക് മാറ്റിയതു കൊണ്ടുമാത്രം യഥാർത്ഥ പ്രശനം പരിഹരിക്കപ്പെടുന്നില്ല. ലിംഗ സംവേദനക്ഷമത ഉണ്ടാകണം. ലോകത്തെ പലയിടത്തും സ്വവർഗരതി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പ്രായപരിധി ഇല്ലാതെ ഇത് ഭാവിയിൽ അംഗീകരിക്കപ്പെടുമെന്നും മുനീർ പറഞ്ഞു.